വനംവകുപ്പ് സമാന്തര സർക്കാർ ചമയുന്നത് നിയന്ത്രിക്കണം: കർഷക കോൺഗ്രസ്
1507862
Friday, January 24, 2025 1:01 AM IST
കണ്ണൂർ: വനംമന്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിൻവലിച്ച വനം നിയമഭേദഗതി ബിൽ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെതിരേ പ്രമേയം പാസാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനയായ കേരള ഫോറസ്റ്റ് റെയിഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ പേരിൽ മുഖ്യമന്ത്രി നടപടി സ്വീകരിക്കാത്തത് ആർക്കുവേണ്ടിയാണെന്ന് പറയണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല. കണ്ണൂർ ഡിസിസിയിൽ നടന്ന കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദേഹം.
കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെയും വനം വകുപ്പ് മന്ത്രിയെയും നിയന്ത്രിക്കുന്നത് പാശ്ചാത്യ അന്തരീക്ഷ മലിനീകരണ കുത്തക കമ്പനികൾ നിയന്ത്രിക്കുന്ന എൻജികെ സംഘടനയാണെന്നുള്ളത് ശരി വയ്ക്കുന്ന രീതിയിലാണ് അവരുടെസമ്മേളനത്തിൽ ജർമ്മൻ വനിത പങ്കെടുത്ത് പ്രസംഗിച്ചത്. കാർബൺ ഫണ്ടിനു വേണ്ടി കേരളത്തിലെ പാവപ്പെട്ട കർഷകരെ കുരുതി കൊടുക്കരുതെന്നും ജോസ് പൂമല പറഞ്ഞു.
വന്യമൃഗ ശല്യത്തിലും കാർഷിക ഉത്പന്നങ്ങളുടെ വില തകർച്ചയിലും പൊറുതിമുട്ടിയ മലയോര ജനതയ്ക്ക് ആശ്വാസമായി കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോരസമര പ്രചരണ ജാഥ വൻ വിജയമാക്കി തീർക്കുന്നതിന് യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എ.ഡി. സാബുസ്, സി.പി. സലീം, പി.ഒ. ചന്ദ്രമോഹനൻ, എം.വി. പ്രേമരാജൻ, ജോണി മുണ്ടക്കൽ, എം.വി. സതീശൻ, കെ.പി. കുമാരൻ, ബാലൻ പൊറോറ, നോബിൾ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.