സിഎജി റിപ്പോർട്ടോടെ കെ.കെ. ശൈലജയുടെ തനിനിറം പുറത്തുവന്നു: ജെബി മേത്തർ
1497613
Thursday, January 23, 2025 1:02 AM IST
കണ്ണൂർ: കോവിഡ് കാലത്ത് നടത്തിയ കൊള്ളയെ കുറിച്ചുള്ള സിഎജി റിപ്പോർട്ട് പുറത്തുവന്നതോടെ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ തനിനിറം പുറത്തായെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി. താൻ അഴിമതിക്കാരിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത കെ.കെ. ശൈലജയക്കുണ്ട്. അവർ എംഎൽഎ സ്ഥാനം രാജിവച്ച് ജുഡീഷ്യൻ അന്വേഷണം നേരിടാൻ തയാറാകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ് കേരള സാഹസ് യാത്രക്ക് മാങ്ങാട്ടിടം, കണ്ടംകുന്ന്, ചിറ്റാരിപ്പറമ്പ്,കോളയാട്, മാലൂർ, ശിവപുരം, തില്ലങ്കേരി, മട്ടന്നൂർ എന്നിവിടങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ.
മുഖ്യമന്ത്രിയും അന്നത്തെ ധനമന്ത്രി തോമസ് ഐസക്കും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും കോവിഡ് കൊള്ളമുതൽ പങ്കിട്ടവരാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കാഫിർ പരാമർശത്തിന്റെ പേരിൽ കെ.കെ. ശൈലജയെ കേരളം മനസിലാക്കി. ഇപ്പോൾ അഴിമതിയുടെ യഥാർഥ ചിത്രവും വന്നു. കോവിഡ് കാലത്തെ കൊള്ളയെ കുറിച്ച് പ്രതിപക്ഷവും മാധ്യമങ്ങളും നിരന്തരം ആക്ഷേപം ഉന്നയിച്ചിട്ടും നടപടി എടുക്കാതിരുന്ന സംസ്ഥാന സർക്കാർ ഇനിയെങ്കിലും ജുഡിഷ്യൽ അന്വേഷണത്തിന് തയാറാവണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.
വിവിധയിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങൾ കെപിസിസി സെക്രട്ടറിമാരായ ചന്ദ്രൻ തില്ലങ്കേരി, നെയ്യാറ്റിൻകര സനൽ, കെപിസിസി അംഗങ്ങളായ റിജിൽ മാക്കുറ്റി, രാജീവൻ എളയാവൂർ, ലിസി ജോസഫ് എന്നിവർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ലക്ഷ്മി, സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ്, ജയലക്ഷ്മി ദത്തൻ, നസീമ ഖാദർ എന്നിവർ പ്രസംഗിച്ചു.