വീസ തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ
1507868
Friday, January 24, 2025 1:01 AM IST
ഇരിട്ടി: യുകെയിലേക്ക് വീസ വാഗ്ദാനം ചെയ്ത് 11.50 ലക്ഷം തട്ടിയെടുത്തെന്ന കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം മുണ്ടക്കൽ സ്വദേശി ഷാൻ സുലൈമാനെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മുൻ പ്രവാസിയായിരുന്നയാളുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ ഭാര്യയ്ക്ക് വ്യാജ രേഖകൾ കാണിച്ച് യുകെയിലേക്ക് കെയർ ടേക്കർ വീസ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.
2022 മുതൽ പലതവണകളായി 11.50 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. എന്നാൽ വീസയോ വാങ്ങിയ പണമോ തിരിച്ചു നൽകിയില്ല. നിയമ നടപടി സ്വീകരിക്കുമെന്നറിയിച്ചപ്പോൾ പല തവണയായി നാലു ലക്ഷം രൂപ മാത്രം തിരിച്ചു നൽകി വഞ്ചിച്ചെന്നാണ് കേസ്.
പ്രതി എറണാകുളം കടവന്ത്ര, വൈറ്റില ഹബ്ബ് എന്നിവിടങ്ങളിൽ സെവൻ എസ് ഇന്റർനാഷണൽ, സെവൻ എസ് സ്പൈസ്സ് എന്നീ സ്ഥാപനങ്ങൾ നടത്തി വരികയായിരുന്നു. നോർക്കയുടെ ഓപ്പറേഷൻ ശുഭയാത്ര എന്ന പരിപാടിയിൽ ലഭിച്ച പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.