223 വർഷത്തെ ചരിത്രം ഉൾക്കൊള്ളുന്ന തലശേരി കോടതിക്ക് പുതിയ കെട്ടിടം
1497608
Thursday, January 23, 2025 1:02 AM IST
തലശേരി: നീതിന്യായ വ്യവസ്ഥയുടെ 223 വർഷത്തെ ചരിത്രം ഉൾക്കൊള്ളുന്ന തലശേരി കോടതിക്ക് അറബിക്കടലിന് അഭിമുഖമായി ഇനി പുതിയ കെട്ടിടം. എട്ട് നിലകളിൽ ആധുനിക രീതിയിൽ നിർമിച്ച കെട്ടിട സമുച്ചയം 25 ന് നാടിന് സമർപ്പിക്കും. കേരളത്തിലെ ഏറ്റവും കൂടുതൽ നിലകളുള്ള കോടതി സമുച്ചയമാണ് ദേശീയ പാതയോരത്ത് സജ്ജമായിട്ടുള്ളത്. നിലവിലുള്ള കോടതി വളപ്പിൽ കിഫ്ബിയിൽ നിന്നുള്ള 56 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പൂർത്തിയാക്കിയിട്ടുള്ളത്. പുതിയ കെട്ടിടത്തിൽ 136 മുറികളുണ്ട്.
25 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. 10 കോടതികളുടെ പ്രവർത്തനോദ്ഘാടനം ചീഫ് ജസ്റ്റിസ് നിതിൻ ജാംധാർ നിർവഹിക്കും. സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ പി.രാജീവ്, കെ.എൻ.ബാലഗോപാൽ, പി.എ.മുഹമ്മദ് റിയാസ്, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, എ.കെ.ജയകൃഷ്ണൻ നമ്പ്യാർ, ടി.ആർ.രവി, കൗസർ എടപ്പകത്ത്, സി.പി.മുഹമ്മദ് നിയാസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. പങ്കെടുക്കുന്ന അഞ്ച് ഹൈക്കോടതി ജഡ്ജിമാർ കണ്ണൂർ ജില്ലക്കാരാണെന്ന പ്രത്യേകതയുമുണ്ട്. വൈകുന്നേരം ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.
നിലവിൽ ജില്ലാ കോടതി കോംപ്ലക്സിൽ നാലേക്കർ സ്ഥലത്ത് വിവിധ കെട്ടിടങ്ങളിലായി 14 കോടതികൾ പ്രവർത്തിക്കുന്നുണ്ട്. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി, നാല് അഡീഷണൽ ജില്ലാ കോടതി, മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ, കുടുംബക്കോടതി, പോക്സോ സ്പെഷ്യൽ കോടതി, രണ്ട് അസി.സെഷൻസ് കോടതി, ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതി, രണ്ട് മജിസ്ട്രേട്ട് കോടതികൾ എന്നിവയാണ് നിലവിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്. 223 വർഷം പഴക്കുള്ള പൈതൃക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി, മുനിസിഫ് കോടതി തുടങ്ങിയ നാല് കോടതികൾ നിലവിലുള്ള കെട്ടിടങ്ങളിൽ തുടരും. ബാക്കിയുള്ള 10 കോടതികളാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. ഇപ്പോൾ ചിറക്കരയിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിജിലൻസ് കോടതി പുതിയ കെട്ടിടത്തിലേക്ക് മാറും. വ്യവസായ ട്രൈബ്യൂണൽ ക്യാമ്പ് സിറ്റിംഗ്, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ എന്നിവ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങും.
കോടതി കെട്ടിടത്തിൽ നീതി ന്യായ ചരിത്രം ഉൾക്കൊള്ളുന്ന മ്യൂസിയം ഒരുക്കുന്നുണ്ട്. പുതിയ കെട്ടിടത്തിൽ കോടതികൾക്ക് പുറമെ ജില്ലാ ഗവ.പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടർ ഓഫീസ്, സാക്ഷികൾക്കുള്ള വിശ്രമമുറി, മുലയൂട്ടൽ കേന്ദ്രം, അഭിഭാഷകർക്കും വനിതാ അഭിഭാഷകർക്കും ഗുമസ്തൻമാർക്കും പ്രത്യേകം വിശ്രമമുറി, ലൈബ്രറി, ശീതികരിച്ച ഓഡിറ്റോറിയം, സോളാർ സൗകര്യം, വാഹന പാർക്കിംഗ് സൗകര്യം, ബാങ്ക്, പോസ്റ്റ് ഓഫീസ്, കാന്റീൻ എന്നിവയുണ്ട്. ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്.