കണ്ണൂരിലും സർക്കാർ ജീവനക്കാർ പണിമുടക്കി
1497611
Thursday, January 23, 2025 1:02 AM IST
കണ്ണൂർ: അവകാശ നിഷേധങ്ങൾക്കെതിരെ ജില്ലയിലും സർക്കാർ ജീവനക്കാർ പണിമുടക്കി. അധ്യാപകരും സർക്കാർ ജീവനക്കാരുമുൾപ്പെട്ട പ്രതിപക്ഷ സർവീസ് സംഘടനകളും സിപിഐയുടെ സർവീസ് സംഘടനയുമാണ് പണിമുടക്കിൽ പങ്കെടുത്തത്. പണിമുടക്കിനെ തുടർന്ന് കളക്ടറേറ്റ് അടക്കമുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഹാജർ നില വളരെ കുറവായിരുന്നു. പല സ്കൂളുകളിലും കോളജുകളിലും അധ്യാപകരും എത്തിയില്ല. പണിമുടക്ക് അറിയാതെ സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ ഏറെ വലഞ്ഞു. ജീവനക്കാർ എത്തും എന്ന് കരുതി മണിക്കൂറുകളോളമാണ് പലരും കാത്തിരുന്നത്.
പല ഓഫീസുകളിലും ഒന്നോ രണ്ടോ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ചില ഓഫീസിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. പണിമുടക്കിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയർമാൻ എം.പി. ഷനിജ് അധ്യക്ഷത വഹിച്ചു.
കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശൻ, എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. രാജേഷ് ഖന്ന, കെജിഒയു സംസ്ഥാന സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ, കെഎൽജിഎസ്എ സംസ്ഥാന സെക്രട്ടറി പി. കൃഷ്ണൻ, കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ഇ.കെ. ഹരിദാസ്, കേരള പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് പി.കെ. ദിനേശൻ, കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫെമി, ഗവൺമെന്റ് കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അഷ്ഫാസ്, കേരള കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേർസ് ആൻഡ് ഓഡിറ്റേർസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ജയേഷ്, ഓഡിറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബാബു കിഴക്കേ വീട്ടിൽ, സെറ്റോ ജില്ലാ കൺവീനർ യു.കെ. ബാലചന്ദ്രൻ, സെറ്റോ ജില്ലാ ട്രഷറർ പ്രൊഫസർ അനീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.