ആനക്കാടായി ആറളം ഫാം; വിദ്യാർഥിനിയും ബാങ്ക് മാനേജരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1497607
Thursday, January 23, 2025 1:02 AM IST
ഇരിട്ടി: ആറളം ഫാം പുനധിവാസ മേഖല ഉണരുന്പോൾ കേൾക്കുന്നത് കാട്ടാന ആക്രമണ വാർത്തകളാണ്. ഒരുകാലത്ത് കാർഷിക വിളകൾക്ക് പേരുകേട്ട ആറളം ഫാം ഇന്ന് കാട്ടാനകളുടെ സുഖവാസ കേന്ദ്രമായി മാറി. യഥേഷ്ടം വെള്ളവും ഫാമിലെയും പുനരധിവാസ മേഖലയിലെയും കാർഷിക വിഭവങ്ങളും തിന്ന് വളരുന്ന നൂറോളം ആനകളാണ് അപകടകരമായ സാഹചര്യത്തിൽ ജനവാസ മേഖലയിൽ ചുറ്റിത്തിരിയുന്നത്. ആറളം ഫാമിൽ 12 പേരുടെ ജീവനാണ് ഇതുവരെ കാട്ടാനകൾ കവർന്നത്. കോടികളുടെ നാശമാണ് ആനകൾ മേഖലയിൽ വിതയ്ക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ വിദ്യാർഥിനിയടക്കം രണ്ടുപേർ തലനാരിഴയ്ക്കാണ് ആനയിൽ നിന്ന് രക്ഷപ്പെട്ടത്.
വെളിമാനം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി കഴിഞ്ഞ ആഴ്ച രാവിലെ 8.15ന് സ്കൂളിലേക്ക് പോകുന്ന വഴി ഫാം സ്കൂളിനും ഭഗവതി റോഡിനും സമീപം കൊമ്പന് മുന്നിൽപ്പെടുകയായിരുന്നു. സ്കൂളിലേക്ക് വാഹനം ലഭിക്കാൻ പാലപ്പുഴ - കീഴ്പള്ളി റോഡിലേക്ക് നടന്നുവരുമ്പോഴാണ് വിദ്യാർഥിനി ആനയ്ക്ക് മുന്നിൽപ്പെട്ടത്. 50 മീറ്റർ വ്യത്യാസത്തിൽ റോഡ് മുറിച്ചുകടന്നിരുന്ന ആന വിദ്യാർഥിനിക്ക് നേരെ തിരിയുകയായിരുന്നു. ഭയന്ന് കുറച്ചുദൂരം പിന്തിരിഞ്ഞോടുന്നതിനിടെ അതുവഴി ബന്ധു ബൈക്കിലെത്തിയതിനാലാണ് കാട്ടാനയിൽനിന്ന് രക്ഷപ്പെട്ടത്.
ഈ സമയം ഇതുവഴി വന്ന ബന്ധുവായ ശശിയുടെ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. അന്നു രാത്രി വിദ്യാർഥിനി താമസിക്കുന്ന ബ്ലോക്ക് ഏഴിലെ വീട്ടുമുറ്റത്ത് ആറ് ആനകളടങ്ങുന്ന സംഘമെത്തിയതിനെ കുറിച്ചും ഭയത്തോടെയാണ് വിദ്യാർഥിനി വിശദീകരിച്ചത്.
വീട്ടുമുറ്റത്ത് നിന്നിരുന്ന തെങ്ങുകൾ ചവിട്ടി മറിച്ചിട്ട ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഇത്തരത്തിൽ ആനകൾ വിഹരിക്കുന്പോൾ എങ്ങനെ സ്കൂളിലേക്ക് പോകുമെന്ന ആശങ്കയും പഠിക്കാൻ മിടുക്കിയായ വിദ്യാർഥിനി പങ്കുവയ്ക്കുന്നു. വീട്ടിൽ നിന്ന് 15 മിനുട്ടോളം നടന്ന് മെയിൻ റോഡിൽ എത്തി ഏതെങ്കിലും വാഹനത്തിൽ കയറിയാണ് ഇപ്പോൾ സ്കൂളിൽ പോകുന്നത്. വീട്ടിൽനിന്ന് മെയിൻ റോഡിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ആനയുടെ മുന്നിൽ പെട്ടത്. ഈ മേഖലയിൽ അതിരൂക്ഷമായ ഭീഷണിയാണ് ജനങ്ങൾ നേരിടുന്നത്. വിദ്യാർഥികൾ അടക്കം നേരിടുന്ന കാട്ടുമൃഗഭീഷണി ഒഴിവാക്കാൻ ബാലാവകാശ കമ്മീഷന് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
ബാങ്ക് മാനേജർ മോഴയ്ക്ക് മുന്നിൽ
കുടുങ്ങിയത് അരമണിക്കൂർ
കേളകം, കൊട്ടിയൂർ, പേരാവൂർ, കാക്കയങ്ങാട് ഭാഗത്തുനിന്ന് ഫാമിലൂടെ വളരെ എളുപ്പം കീഴ്പള്ളി ഭാഗത്തേക്ക് യാത്രചെയ്യാനാകുമെന്നതിനാൽ നിരവധി പേരാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. കാട്ടാന ഭീഷണി ഈ വഴിയിലും പതിയിരിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ കേളകം ഭാഗത്തുനിന്ന് കീഴ്പള്ളിയിലേക്കുള്ള യാത്രാമധ്യേ ഒരു ബാങ്ക് മാനേജർ മോഴയാനയ്ക്ക് മുന്നിൽ പെട്ടു. ഫാം പാടി ഭാഗത്ത് വച്ചാണ് ഇദ്ദേഹം മോഴയ്ക്കു മുന്നിൽപ്പെട്ടത്. അരമണിക്കൂറിലധികം സമയം വഴിയിൽ നിന്ന് മാറാതെ നിന്ന മോഴ പിന്നീട് റബർ തോട്ടത്തിലേക്ക് മാറിയതോടെയാണ് ബാങ്ക് മാനേജരും മറ്റു നിരവധി യാത്രക്കാരും കടന്നു പോയത്. ഫാമിനുള്ളിൽ ചുറ്റിത്തിരിയുന്ന മോഴ അതീവ അപകടകാരിയാണ്.