നെല്ലിക്കാംപൊയിൽ; വിശുദ്ധന്റെ തണലിൽ ഏഴര പതിറ്റാണ്ട്
1497605
Thursday, January 23, 2025 1:02 AM IST
നെല്ലിക്കാംപൊയിൽ: മണ്ണിലെ നിധിതേടിയുള്ള മലബാറിലേക്കുള്ള യാത്ര. കാടും മേടും കാട്ടാറുകളും കടന്ന് ഒരിക്കലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നാട്ടിലേക്ക് മുതിർന്നവരും സ്ത്രീകളും കുട്ടികളും കൈക്കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെ ചേർത്തുപിടിച്ചൊരു യാത്ര. രണ്ടാം ലോക മഹായുദ്ധം തീർത്ത കൊടും പട്ടിണിയിൽനിന്നും രക്ഷനേടാനായി കുറഞ്ഞവിലയിൽ കൂടുതൽ മണ്ണുതേടി കേട്ടറിവ് മാത്രമുള്ള മലബാറിലേക്കുള്ള കർഷക പടയോട്ടത്തിന്റെ തുടക്കം. ഇതാണ് യഥാർഥ കുടിയേറ്റത്തിന്റെ ആരംഭം. രാവും പകലും നോക്കാതെ അധ്വാനിച്ച മണ്ണിൽ കർഷകന്റെ വിയർപ്പുകൂടി വീണതോടെ പ്രത്യാശയുടെ പുതിയ നാമ്പുകൾ മുളച്ചുതുടങ്ങി.
വിശപ്പടക്കാൻ ബുദ്ധിമുട്ടിയെങ്കിലും ദൈവവിശ്വാസത്തിലും വിദ്യാഭ്യാസ മേഖലയിലും പിന്നോട്ട് പോകാൻ കുടിയേറ്റക്കാർ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല . അടിയുറച്ച ദൈവവിശ്വാസവും ദീർഘവീക്ഷണവുമാണ് മലയോര മേഖലയിൽ ഇന്ന് നാം കാണുന്ന വളർച്ചയുടെയെല്ലാം അടിസ്ഥാനം.
നെല്ലിക്കാംപൊയിൽ, ഉളിക്കൽ പ്രദേശത്തിന്റെ വളർച്ചയും ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. നാനാജാതി മതസ്ഥർ പരസ്പരവിശ്വാസത്തോടെ ജീവിച്ചുപോരുന്ന നാടുകൂടിയാണ് നെല്ലിക്കാംപൊയിൽ. 1939 ൽ ജോസഫ് നീരാക്കലാണ് നെല്ലിക്കാംപൊയിൽ മേഖലയിലെ ആദ്യ കുടിയേറ്റക്കാരൻ. കല്യാട്ട് യശമാനനിൽനിന്നും സ്ഥലം വാങ്ങി അദ്ദേഹം കൃഷിയിറക്കി. പിന്നീട് കേട്ടറിഞ്ഞ് പലരും നെല്ലിക്കാംപൊയിൽ മേഖലയിലേക്ക് കുടിയേറിയെത്തി.
കോഴിക്കോട് രൂപതയുടെ കീഴിലുള്ള പേരാവൂരിൽ നിന്നു ഫാ. കുത്തൂരച്ചൻ നടന്ന് നെല്ലിക്കാംപൊയിലെത്തി ജോസഫ് നീരാക്കലിന്റെ വീട്ടിൽ അർപ്പിച്ച ദിവ്യബലി ആയിരുന്നു ഈ പ്രദേശത്തെ ഇത്രയധികം ധന്യമാക്കിയ ആദ്യ ദിവ്യബലി. കുടിയേറ്റ ജനതയുടെ വിദ്യാഭ്യാസ മേഖലയിലെ ആദ്യകാൽവയ്പ് പുതുശേരിയിൽ ഓലകൊണ്ട് മേഞ്ഞ ഷെഡിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്താനുള്ള കളരിയായിരുന്നു. 1950 ൽ അംശം മേനോൻ കുട്ടിരാമ മാരാർ മാനേജരായി ആരംഭിച്ച വയത്തൂർ എൽപി സ്കൂൾ യുപി സ്കൂളായി ഉയർത്തുകയും പിന്നീട് നെല്ലിക്കാംപൊയിൽ പള്ളി സ്കൂൾ മാനേജ്മെന്റിൽനിന്നും വാങ്ങിക്കുകയും ചെയ്തു.
വിശ്വാസവും വികസനവും
ആധുനിക ചികിത്സാ രീതികൾ ഒന്നുമില്ലാതിരുന്ന കാലത്ത് കുടിയേറ്റ ജനത പകർച്ചവ്യാധികളെയും നിന്നും അസുഖങ്ങളെയും അതിജീവിച്ചിരുന്നത് സെബാസ്ത്യാനോസിനോടുള്ള പ്രാർഥനയിലൂടെ മാത്രമായിരുന്നു. അന്നുമിന്നും നെല്ലിക്കാംപൊയിൽ പള്ളിമുറ്റത്ത് എത്തുന്ന വിശ്വാസികളിൽ ജാതി മത വ്യത്യാസങ്ങളില്ല . 1948 ലാണ് നെല്ലിക്കാംപൊയിൽ ഇടവകയായി ഉയർത്തുന്നത്. ഫാ. പള്ളത്തുകുഴി ആയിരുന്നു ആദ്യവികാരി.1950 ൽ ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ വികാരിയായി എത്തി. അച്ചന്റെ കാലഘട്ടത്തിലാണ് വയത്തൂർ സ്കൂൾ നെല്ലിക്കാംപൊയിൽ പള്ളി വാങ്ങിക്കുന്നത്.1960 ൽ ഫാ. മാത്യു മാത്യു കൊട്ടുകാപ്പള്ളിയുടെ കാലത്താണ് ഇന്നുകാണുന്ന നെല്ലിക്കാംപൊയിൽ പള്ളിയുടെ ശിലാസ്ഥാപനം നടക്കുന്നത്. 1968 ജനുവരി 24 ന് ഫാ. സക്കറിയാസ് കട്ടയ്ക്കലിന്റെ കാലഘട്ടത്തിൽ പള്ളിയുടെ കൂദാശകർമം നിർവഹിച്ചു.
ഏഴരപതിറ്റാണ്ടിന്റെ പുണ്യം
കുടിയേറ്റത്തിന്റെ വരുതിയിൽനിന്നും ഇന്നുകാണുന്ന പുരോഗതിയിലേക്ക് ഒരു ജനതയെ സുരക്ഷിതമായി കൈപിടിച്ച് നടത്തിയത് വിശുദ്ധ സെബാസ്ത്യാനോസിനോടുള്ള അടിയുറച്ച വിശ്വാസമാണ് . വിശുദ്ധന്റെ നാമധേയത്തിൽ പടുത്തുയർത്തിയ ഇടവക 77 വർഷങ്ങൾ പിന്നിടുമ്പോൾ ഇടവക ജനം വളരെ ആവേശത്തോടെയാണ് ആർക്കി എപ്പിസ്കോപ്പൽ പ്രഖ്യാപനത്തെ സ്വീകരിക്കുന്നത് .
നെല്ലിക്കാംപൊയിൽ ഇടവക മാത്രമല്ല ഉളിക്കൽ മേഖലയിലെ നാനാജാതി മതസ്ഥർക്കും സെബാസ്ത്യാനോസിനോടുള്ള പ്രാർഥനയുടെ ശക്തി തിരിച്ചറിഞ്ഞവരാണ്. അതുകൊണ്ട് തന്നെ തിരുനാൾ ദിനങ്ങളിൽ ഒരു വർഷം പോലും മുടങ്ങാതെ സന്നിധിയിൽ എത്തി നേർച്ചകാഴ്ചകൾ സമർപ്പിച്ച് കഴുന്നെടുത്ത് മടങ്ങുന്ന നിരവധി പേരെ നമുക്ക് കാണാൻ കഴിയും. ഒന്നുമില്ലാതിരുന്ന അനശ്ചിതത്വത്തിന്റെ കാലഘട്ടത്തിൽനിന്നും ഒരു ജനതയെ സമ്പന്നതയിലേക്ക് നയിച്ചതിന്റെ കൃതജ്ഞതാബലി അർപ്പിക്കാൻ ഒരുങ്ങുകയാണ് നെല്ലിക്കാംപൊയിൽ വിശ്വാസ സമൂഹം.
ജൂബിലി വർഷത്തിലെ
ദൈവസമ്മാനം
ജൂബിലി വര്‍ഷത്തില്‍ കുടിയേറ്റ ജനതയ്ക്ക് ദൈവം നല്കിയ സമ്മാനമാണിത്. നെല്ലിക്കാംപൊയില്‍ ഫൊറോന പള്ളി ദൈവാനുഗ്രഹത്തിന്റെ നല്ല നാളുകളെ ഓര്‍ത്ത് ആഹ്ലാദത്തിലും അഭിമാനത്തിലുമാണ്. മലബാറിലെ ഏകവും പ്രാചീനവും സര്വമതസ്തരുടെ സങ്കേതവുമായ നെല്ലിക്കാംപൊയില്‍ പുണ്യാളച്ചന്റെ പള്ളി ആര്‍ക്കി എപ്പിസ്കോപ്പല്‍ പില്‍ഗ്രിം ഷ്റൈൻ ആയി ഉര്‍ത്താന്‍ തീരുമാനമെടുത്ത തലശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയോടും മറ്റ് കൂരിയ അംഗങ്ങളോടും ഇടവകാ സമൂഹത്തിനുവേണ്ടി നന്ദി അറിയിക്കുന്നു. തീര്‍ഥാടന കേന്ദ്രത്തിനനുസൃതമായ വിശുദ്ധി കാത്തുസൂക്ഷിക്കുകയും തീര്‍ഥാടകരുടെ ആത്മീയ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ജൂബിലി വര്‍ഷത്തില്‍ കുടിയേറ്റ ജനതയ്ക്ക് ദൈവം നല്കിയ സമ്മാനത്തിന് നന്ദി പറയുന്നു.