ജീവിതത്തില്‍ പരിവര്‍ത്തനവും അനുരഞ്ജനവും ആവശ്യം: ബിഷപ് ഡോ. അലക്സ് വടക്കുംതല
1497606
Thursday, January 23, 2025 1:02 AM IST
പിലാത്തറ: ജീവിതത്തില്‍ പരിവര്‍ത്തനവും അനുരഞ്ജനവും വരുത്തേണ്ടത് ആവശ്യമാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന 11-മത് പിലാത്തറ വചനാഭിഷേകം ബൈബിള്‍ കണ്‍വന്‍ഷനും പിലാത്തറ മേരിമാതാ ഇംഗ്ലീഷ് സ്കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തില്‍ ഹൃദയങ്ങള്‍ പ്രത്യാശ നിറക്കാനായി മാറ്റിവച്ചാല്‍ ദൈവം എല്ലാം നന്മയായി മാറ്റുമെന്നും ബിഷപ് പറഞ്ഞു.
കണ്വന്ഷന് തുടക്കമായി അര്‍പ്പിച്ച ദിവ്യബലിയില്‍ അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലായിരിക്കാന് പ്രത്യാശ നമ്മെ സഹായിക്കുമെന്ന് കണ്ണൂര്‍ രൂപത സഹായ മെത്രാന് ഡോ. ഡെന്നിസ് കുറുപ്പശേരി പറഞ്ഞു. ബിഷപ്പുമാരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ മുപ്പതോളം വൈദികര്‍ സഹകാര്‍മികരായി.
തുടർന്ന് വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തില്‍ ബൈബിള്‍ കണ്വന്ഷന് ആരംഭിച്ചു. വിവിധ ഇടവകകളില്‍നിന്ന് നൂറുകണക്കിന് വിശ്വാസികള്‍ കൺവൻഷനിൽ പങ്കെടുക്കാനെത്തിയിരുന്നു. വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 9.30 വരെയാണ് കണ്വന്ഷന്. 26ന് സമാപിക്കും.