ആറളം ഫാമിൽ ഭൂമി ഇഷ്ടക്കാർക്ക് നൽകാൻ ഗൂഢനീക്കം നടക്കുന്നതായി ആരോപണം
1507867
Friday, January 24, 2025 1:01 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ഭൂമി നൽകുന്നതിൽ പഴയ താമസക്കാരെ ഒഴിവാക്കി പുതിയ ഉപഭോക്തൃ പട്ടിക തയാറാക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് ആരോപണം.
ഭൂമി പുനർനിർണയം നടത്തി ഇഷ്ടക്കാർക്ക് നൽകാൻ ഭരണകക്ഷി ഗൂഢരാഷ്ട്രീയ നീക്കം നടത്തുകയാണെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ബ്ലോക്ക് പഞ്ചായത്തംഗം വി. ശോഭ , മേഖലയിലെ താമസക്കാരായ ഭാസ്കരൻ, രാജമ്മ ,സുരേഷ് ,വി.ആർ. സുനിത, പി.കെ. ബാബു, ശ്രീജ കണ്ണൻ എന്നിവർ പത്രക്കുറിപ്പിൽ ആരോപിച്ചു. 12 വർഷമായി കാട്ടാനകൾ ഉൾപ്പെടയുള്ള വന്യമൃഗങ്ങളോട് പോരാടി കുടിലുകെട്ടി കഴിഞ്ഞിരുന്ന 98 കുടുംബങ്ങളെ അവഗണിച്ചാണ് പുതിയ പട്ടിക തയാറാക്കുന്നത്.
ഇതോടെ 2007 ൽ ലഭിച്ച വാസയോഗ്യമല്ലാത്ത ഭൂമി വിട്ട് മറ്റ് പ്ലോട്ടുകളിലേക്ക് മാറി താമസിച്ചു വരുന്നവരെയും അവരുടെ ഉപകുടുംബങ്ങളെയും ബന്ധപ്പെട്ടവർ വഴിയാധാരമാക്കുകയാണ്. അർഹതപ്പെട്ടവരെ ഒഴിവാക്കി ധൃതിപിടിച്ച് പുതിയ പട്ടിക തയാറാക്കി 167 കുടുംബങ്ങളെ ഇവിടെ പുനരധിവസിപ്പിക്കുന്നത് ജനപ്രതിനിധി എന്ന നിലയിൽ തന്നെ അറിയിക്കാതെയാണ് നടപ്പാക്കുന്നതെന്ന് കെ. വേലായുധൻ പറഞ്ഞു
. നിലവിൽ ആറളം പുനരധിവാസ മേഖലയിൽ താമസിക്കുന്നവർക്ക് കൈവശ രേഖകൾ നൽകാതെ പുറത്തുനിന്നും അപേക്ഷകൾ സ്വീകരിക്കുന്നതും അപലപനീയമാണ്. ഇതിനെതിരെ ശക്തമായ സമര നടപടികൾ ആരംഭിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.