ന്യൂമാഹി ഇരട്ടക്കൊലക്കേസിൽ വിചാരണ തുടങ്ങി
1497610
Thursday, January 23, 2025 1:02 AM IST
തലശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക് (മൂന്ന്) ജഡ്ജ് റൂബി കെ. ജോസ് മുമ്പാകെ തുടങ്ങി. രണ്ടാം സാക്ഷിയായ ഇ.സുനിൽകുമാറിനെയാണ് ഇന്നലെ വിസ്തരിച്ചത്. പ്രതികളെയും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും ഷിനോജ് സഞ്ചരിച്ച ബൈക്കും കൊല്ലപ്പെട്ടവരുടെ ചോര പുരണ്ട വസ്ത്രങ്ങളും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു.
ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ഉൾപ്പെടെ ഈ കേസിലെ മുഴുവൻ പ്രതികളും ഇന്നലെ കോടതിയിൽ ഹാജരായി. കൊടി സുനി ഉൾപ്പെടെയുള്ളവർ ഇപ്പോൾ പരോളിലാണ്. ഇരട്ട കൊലക്കേസിന്റെ വിചാരണയിൽ പങ്കെടുക്കുന്നതിന് ജില്ലയിൽ പ്രവേശിക്കാൻ കൊടി സുനിക്ക് കോടതി അനുമതി നൽകിയിരുന്നു. നേരത്തെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കൊടി സുനി ഉൾപ്പെടെയുള്ള ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് പരോൾ നൽകിയിരുന്നത്.
2010 മേയ് 28 ന് രാവിലെ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. മാഹി കോടതിയിൽ നിന്ന് കേസ് കഴിഞ്ഞ് വരികയായിരുന്ന വിജിത്തിനേയും ഷിനോജിനേയും ന്യൂമാഹി പെരിങ്ങാടിയിൽ വച്ച് അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.16 പ്രതികളുണ്ടായിരുന്ന കേസിലെ രണ്ടു പേർ മരിച്ചു. നിലവിൽ പതിനാല് പ്രതികളാണ് വിചാരണ നേരിടുന്നത്. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി പി. പ്രേമരാജനും പ്രതികൾക്കായി സി.കെ. ശ്രീധരനുമാണ് ഹാജരാകുന്നത്.
സിപിഎം പ്രവർത്തകരായ പള്ളൂർ കൊയ്യോട് തെരുവിലെ ടി. സുജിത്ത്, ചൊക്ലി മീത്തലെചാലിൽ എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി, നാലുതറ മണ്ടപ്പറമ്പത്ത് കോളനിയിലെ ടി.കെ സുമേശ്, ചൊക്ലിയിലെ കെ.കെ മുഹമ്മദ് ഷാഫി, ടി.വി. ഷമിൽ, എ. കെ ഷമ്മാസ്, ഈസ്റ്റ് പള്ളൂരിലെ കെ. അബ്ബാസ്, ചെമ്പ്ര നാലുതറയിലെ രാഹുൽ, തേങ്ങ വിനീഷ് എന്ന കെ. വിനീഷ്, കോടിയേരി പാറാലിലെ സി.കെ. രജികാന്ത്, പള്ളൂർ പടിഞ്ഞാറെ നാലുതറയിലെ പി.വി. വിജിത്ത്, മുഹമ്മദ് രജീസ്, ഷിനോജ്, ഫൈസൽ, ചൊക്ലിയിലെ സരിഷ്, സജീർ എന്നിവരാണ് കേസിലെ പ്രതികൾ. പത്താം പ്രതി രജികാന്ത്, പന്ത്രണ്ടാം പ്രതി മുഹമ്മദ് റജീസ് എന്നിവരാണ് മരിച്ചത്.