പയ്യന്നൂർ കോളജിലും നിയമന വിവാദം
1497612
Thursday, January 23, 2025 1:02 AM IST
മാനേജരെ വഴിയില്‍ തടഞ്ഞു
പയ്യന്നൂര്‍: മാടായി കോളജിലെ നിയമന വിവാദത്തിനു പിന്നാലെ പയ്യന്നൂര്‍ കോളജിലും നിയമന വിവാദമുയരുന്നു. പയ്യന്നൂര്‍ കോളജിലെ നിയമന നീക്കത്തിനെതിരേ ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാനേജ്മെന്റ് പ്രസിഡന്റും ഡിസിസി അംഗവുമായ കെ.കെ. സുരേഷ്കുമാറിനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചു.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള പയ്യന്നൂര്‍ കോളജില്‍ ഓഫീസ് അറ്റന്‍ഡര്‍ ഒഴിവിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് കുടുംബാംഗങ്ങളെയും അവഗണിച്ച് വെങ്ങരയിലുള്ള സിപിഎം കൂടുംബാംഗത്തിന് ജോലി കൊടുക്കുന്നതിനെതിരേയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.
ഒഴിവിലേക്ക് യൂത്ത് കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സംസ്ഥാന നേതൃനിര മുതല്‍ ബൂത്തുതലം വരെയുള്ള നിരവധി ആളുകള്‍ അപേക്ഷകരായി ഇരിക്കുമ്പോഴാണ് ഇത്തരത്തില്‍ നിയമനം നടത്താന്‍ ഭരണസമിതി തയാറാകുന്നതെന്നാണു പ്രതിഷേധക്കാരുടെ ആരോപണം.
പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശപ്പെടുത്തുകയും പാര്‍ട്ടിയില്‍നിന്ന് മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം നടപടികള്‍ക്കുമെതിരെ ശക്തമായ തീരുമാനമെടുക്കാന്‍ ഡിസിസി തയ്യാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
മുന്‍ ഭരണസമിതി പ്രസിഡന്റിന്റെ താത്പര്യപ്രകാരമാണ് കോളജില്‍ ബന്ധുനിയമനം നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് നവനീത് നാരായണന്, ജില്ലാ സെക്രട്ടറി അക്ഷയ് പറവൂര്‍, ഭരത് ഡി. പൊതുവാള്, അര്ജുന് കോറം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.