പൂപ്പറമ്പ് ടൗണിൽ പട്ടാപ്പകൽ മോഷണം; ഒരു ലക്ഷം രൂപ കവർന്നു
1497617
Thursday, January 23, 2025 1:02 AM IST
ചെമ്പേരി: പട്ടാപ്പകല്‍ കടയിലെ മേശവലിപ്പില്‍ നിന്ന് അജ്ഞാതന്‍ ഒരുലക്ഷം രൂപ മോഷ്ടിച്ച് ഓടി രക്ഷപ്പെട്ടു. ചെമ്പേരി പൂപ്പറമ്പിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ കൈതക്കല്‍ സ്റ്റോറിലാണ് ചൊവ്വാഴ്ച വൈകുന്നേരം 5.15ന് കവര്‍ച്ച നടന്നത്. പൂപ്പറമ്പ് സ്വദേശി കൈതയ്ക്കല്‍ വീട്ടില്‍ മനോജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലായിരുന്നു കവര്‍ച്ച.
ഒരുമുറിയില്‍ പലചരക്കുകടയും മറ്റൊന്നില്‍ മലഞ്ചരക്ക് കച്ചവടവുമായിരുന്നു. സഹോദരന് ബിനോയിയോടൊപ്പമാണ് മനോജ് വ്യാപാരം നടത്തിയിരുന്നത്. മനോജ് ജോസഫ് അടുത്ത കടക്കാരനെ പറഞ്ഞേല്‍പ്പിച്ചശേഷം ചായകുടിക്കാനായി പുറത്തേക്കു പോയപ്പോഴായിരുന്നു സംഭവം നടന്നത്.
പലചരക്കുകടയിലെ മേശവലിപ്പില്‍ സൂക്ഷിച്ച പണമടങ്ങിയ ബാഗുമായി മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും മനോജും മോഷ്ടാവിന് പിറകെ ഓടിയെങ്കിലും പൂപ്പറമ്പ്-കരിവെള്ളേരി റോഡ് വഴി ഓടി മതില്‍ചാടിക്കടന്ന് റബര്‍ തോട്ടത്തിൽ മറയുകയായിരുന്നു. മധ്യവയസ്ക്കനായ ഇയാള്‍ രാവിലെ മുതല്‍ പൂപ്പറമ്പ് ടൗണിലും പരിസരത്തുമായി ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
കുടിയാന്മല പോലീസിന് ഇയാള്‍ ഓടിപ്പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ബ്ലാത്തൂര്‍ സ്വദേശിയാണെന്ന സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. മോഷ്ടാവിനെ പിടികൂടാൻ ഊര്‍ജിതമായ അന്വേഷണം നടത്തി വരുന്നുണ്ട്.