സിദ്ധാര്‍ഥിന്റെ മരണം; 19 പ്രതികളെയും സര്‍വകലാശാല പുറത്താക്കി
Friday, April 11, 2025 3:28 AM IST
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 19 പേരെയും വെറ്ററിനറി സര്‍വകലാശാല പുറത്താക്കി.
ഇവരെ മറ്റു സ്ഥാപനങ്ങളില്‍ പഠനം തുടരുന്നതില്‍നിന്ന് യുജിസി ചട്ടപ്രകാരം മൂന്നു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. ഇതുസംബന്ധിച്ച വെറ്ററിനറി സര്‍വകലാശാലയുടെ ഉത്തരവ് സിദ്ധാര്‍ഥന്റെ അമ്മ എം.ആര്. ഷീബയുടെ അഭിഭാഷകന് ഹൈക്കോടതിയില്‍ ഹാജരാക്കി.
പ്രതികളായ കെ. അഖില്‍, ആര്.എസ്. കാശിനാഥന്, യു. അമീന് അക്ബറലി, കെ. അരുണ്‍, സിഞ്ചോ ജോണ്സണ്, എന്‍. ആസിഫ്ഖാന്‍, എ. അമല്‍ ഇഹ്സാന്‍, ജെ. അജയ്, എ. അല്‍ത്താഫ്, ഇ.കെ. സൗദ് റിസാല്‍, വി. ആദിത്യന്, മുഹമ്മദ് ധനീഷ്, റെഹാന് ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ആര്.ഡി. ശ്രീഹരി, ഡോണ്‍സ് ഡായ്, ബില്‍ഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നസീഫ് എന്നീ വിദ്യാര്‍ഥികളെയാണു പുറത്താക്കിയത്.
കോടതി നിര്‍ദേശപ്രകാരം സര്‍വകലാശാലയിലെ ആന്റിറാഗിംഗ് സമിതി നടത്തിയ പുതിയ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനം അനുവദിക്കുന്നതിനെതിരേ ഷീബ നല്കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. പുതിയ റിപ്പോര്‍ട്ടിന്റെയും ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ ജസ്റ്റീസുമാരായ അമിത് റാവല്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി വിധി പറയാന്‍ മാറ്റി.
പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് മണ്ണുത്തി കാമ്പസില്‍ പ്രവേശനം നല്‍കണമെന്നും ആന്റിറാഗിംഗ് കമ്മിറ്റി പുതിയ അന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ച് കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് ഷീബ അപ്പീല്‍ നല്‍കിയത്. വിദ്യാര്‍ഥികളുടെ പ്രവേശനം സ്റ്റേ ചെയ്തെങ്കിലും പുതിയ അന്വേഷണം പൂര്‍ത്തിയാക്കുന്നത് തടഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ആന്റിറാഗിംഗ് സമിതി അന്വേഷണം പൂര്‍ത്തിയാക്കി മാര്‍ച്ച് 28ന് റിപ്പോര്‍ട്ട് നല്‍കിയത്.
നേരത്തേ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് ഒന്നിന് 19 പേരെയും കോളജില്‍നിന്നു പുറത്താക്കിയിരുന്നു. ഇതിനെതിരേ ചില വിദ്യാര്‍ഥികള്‍ നല്കിയ ഹർജിയിലാണ് നടപടി റദ്ദാക്കുകയും ഇവര്‍ക്കു മണ്ണുത്തി കാമ്പസില്‍ പഠനം തുടരാന്‍ അനുവാദം നല്‍കുകയും ചെയ്തത്.