കരുവന്നൂര്‍ കേസിൽ കോടതി ; എല്ലാം അന്വേഷിക്കണം, ആരെയും സംരക്ഷിക്കരുത്
Saturday, April 12, 2025 2:27 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇഡിയുടെ കുറ്റപത്രത്തില്‍ പേരുള്ള എല്ലാവരുടെയും പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു ഹൈക്കോടതി.
ഇതിനായി ഇഡിയോട് ഇസിഐആറും സത്യവാങ്മൂലവും ക്രൈംബ്രാഞ്ചിനു കൈമാറാനും കോടതി നിര്‍ദേശിച്ചു. സിപിഎം നേതാക്കള്‍ അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാനാണു നിർദേശം.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശരിയായവിധമല്ലെന്നും രാഷ്ട്രീയനേതാക്കളുടെ പങ്ക് അന്വേഷിച്ചില്ലെന്നും ജസ്റ്റീസ് ഡി.കെ. സിംഗ് പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുന്‍ജീവനക്കാരനായ എം.വി.സുരേഷ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
ഹര്‍ജിക്കാരന്റെ പങ്കും അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ/ ഉദ്യോഗസ്ഥ നേതൃത്വത്തില്‍നിന്നു സമ്മര്‍ദമുണ്ടായാലും അതു കണക്കിലെടുക്കാതെ അന്വേഷണം നടത്തണം.
നിലവില്‍ ഒരു കേസില്‍ കുറ്റപത്രം നല്‍കിയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി വിശദീകരിച്ചു. 19 കേസുകളില്‍ മൂന്നു മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കും. എന്നാല്‍ അന്വേഷണം ആരംഭിച്ചിട്ട് നാലു വര്‍ഷമായി എന്നതു നീണ്ട കാലയളവാണെന്ന് കോടതി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ടവര്‍ സിപിഎം നേതാക്കളാണ്.
ഇവരേക്കുറിച്ചൊക്കെ അന്വേഷിക്കാൻ കഴിയുമോയെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആരാഞ്ഞു. എല്ലാ കാര്യങ്ങളും അന്വേഷിക്കണം. രാഷ്ട്രീയനേതാക്കളടക്കം ആരെയും സംരക്ഷിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.