സുപ്രീംകോടതി വിധിയിൽ വിമർശനവുമായി ഗവർണർ
Sunday, April 13, 2025 2:17 AM IST
തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ നിശ്ചിത സമയപരിധിക്ക് അകത്ത് ഗവർണർമാർ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി വിധിയിൽ വിമർശനവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല. ഭരണഘടനാ ഭേദഗതി വരുത്താൻ പാർലമെന്റിനും നിയമനിർമാണ സഭകൾക്കുമാണ് അധികാരം. ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത് രണ്ടു ജഡ്ജിമാരാണോയെന്നും ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ ഗവർണർ ചോദിച്ചു.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയക്രമം നിശ്ചയിക്കുന്ന തമിഴ്നാട് ഗവർണർക്കെതിരായ സുപ്രീംകോടതി വിധിക്കെതിരേയായിരുന്നു കേരള ഗവർണറുടെ പ്രതികരണം. സുപ്രീംകോടതി നടപടി അതിർത്തി ലംഘിക്കുന്നതാണ്.
ഗവർണർ അനാവശ്യമായി ബില്ലുകൾ പിടിച്ചുവയ്ക്കരുതെന്നു പറയുന്നതിനെ ന്യായീകരിക്കാം. നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ ഇല്ല. ജുഡീഷറിയുടെ അതിരു കടന്ന ഇടപെടലാണിത്. വിവിധ കോടതികളിൽ പല കേസുകളും വർഷങ്ങളോളം കെട്ടിക്കിടക്കുന്നത് കണ്ടിട്ടുണ്ട്.
ഹൈക്കോടതികളിലും സുപ്രീംകോടതിയിലും കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതിന് സമയപരിധി നിശ്ചയിക്കാനാകുമോ? ഇതിനു ജഡ്ജിമാർക്കു പറയാൻ കാരണങ്ങളുമുണ്ടാകാം. അങ്ങനെയെങ്കിൽ ബില്ലുകളിൽ തീരുമാനമെടുക്കാതിരിക്കാൻ ഗവർണർക്കും കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം.
മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധത്തിലാണ്. ഇതുവരെ പ്രശ്നങ്ങളില്ല. എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്തു പരിഹരിച്ചു. മുന്നിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്തത് അന്നു ശരിയായിരുന്നു. രണ്ടുകൈയും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂ. അപ്പോൾ അതായിരുന്നു അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.