പോട്ട ബാങ്ക് കവർച്ച: കുറ്റപത്രം സമർപ്പിച്ചു
Sunday, April 13, 2025 1:26 AM IST
ചാലക്കുടി : പോട്ട ബാങ്ക് കവർച്ച ക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. അന്‍പത്തിയെട്ടാം ദിവസമാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ആർ.കൃഷ്ണകുമാർ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കുറ്റപത്രം സമർപ്പിച്ചത്.
ഫെബ്രുവരി 14നാണ് പോട്ട ബാങ്ക് കവർച്ച നടന്നത്. കത്തികാട്ടി ഭീഷണിപ്പെടുത്തി ബാങ്ക് ജീവനക്കാരെ ബന്ദിയാക്കി പേരാന്പ്ര ആശാരിപ്പാറ സ്വദേശി തെക്കൻ വീട്ടിൽ റിന്റോ എന്ന റിജോ ആന്റണി (49) യാണ് 15 ലക്ഷം രൂപ കവർന്നത്.
കവർച്ച നടന്ന് മൂന്നാം ദിവസം പ്രതിയെ ആശാരിപ്പാറയിലെ വീട്ടിൽനിന്നു പിടികൂടുകയും ചെയ്തു. ഇയാൾ ഇപ്പോൾ വിയ്യൂർ ജില്ലാ ജയിലിലാണ്.
ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ മേൽനോട്ടത്തിൽ ശാസ്ത്രീയ രീതിയിൽ അതിവേഗ അന്വേഷണം നടത്തി ഇൻസ്പെക്ടർ എം. കെ. സജീവ് ആണ് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം കോടതി സ്വീകരിച്ചു.