മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ രക്തഗ്രൂപ്പുകള്‍ മാറിയുള്ള വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
Saturday, April 12, 2025 2:27 AM IST
പാലാ: രക്തഗ്രൂപ്പുകള്‍ മാറിയുള്ള അത്യപൂര്‍വ എബിഒ ഇന്കോംപാറ്റബിള് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വിജയകരമായി നടത്തി. ഗുരുതര കിഡ്നി രോഗം ബാധിച്ച പാലാ സ്വദേശിനിയായ 18 വയസുകാരിക്കാണ് വ്യത്യസ്ത ഗ്രൂപ്പായിരുന്ന അമ്മയുടെ വൃക്ക മാറ്റിവച്ചത്.
രക്തഗ്രൂപ്പിലെ പൊരുത്തമില്ലായ്മ മറികടന്നു ജില്ലയില്‍ നടത്തിയ ആദ്യത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്. ഒ പോസിറ്റീവ് ഗ്രൂപ്പായ പെണ്‍കുട്ടിക്ക് എ പോസിറ്റീവ് ഗ്രൂപ്പായ 51കാരി അമ്മയുടെ വൃക്ക മാറ്റിവയ്ക്കുകയായിരുന്നു.
നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ട്രാന്‍സ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജുള രാമചന്ദ്രന്, യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. വിജയ് രാധാകൃഷ്ണന്, കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്കുലാര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സി. കൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ഒന്നര വയസു മുതല്‍ വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു പെണ്‍കുട്ടി.
പെണ്‍കുട്ടിയുടെ ജീവന് നിലനിര്‍ത്താന്‍ വൃക്ക മാറ്റിവെയ്ക്കല്‍ അനിവാര്യമായി വന്നതോടെയൊണ് അമ്മയുടെ ഗ്രൂപ്പ് വേറെയാണെങ്കിലും സങ്കീര്‍ണമായ എബിഒ ഇന്കോംപാറ്റബിള് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
ഗ്രൂപ്പ് മാറിയുള്ള വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ രക്തസ്രാവം ഉണ്ടാകാനും വൃക്ക ശരീരം സ്വീകരിക്കാതെ വരാനും ഇന്ഫെക്ഷന് ഉണ്ടാകാനും സാധ്യത ഏറെയാണ്. ഈ വെല്ലുവിളികള്‍ അതിജീവിച്ചാണ് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
നെഫ്രോളജി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. തോമസ് മാത്യു, ഡോ. തരുണ്‍ ലോറന്‍സ്, യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പി. ആല്വിന് ജോസ്, അനസ്തേഷ്യോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ലിബി പാപ്പച്ചന്, കണ്‍സള്‍ട്ടന്റും ട്രാന്‍സ്പ്ലാന്റ് അനസ്തേഷ്യറ്റുമായ ഡോ. ജെയിംസ് സിറിയക് എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.