വിശപ്പും ഭക്ഷണവും
Saturday, April 12, 2025 2:27 AM IST
പോൾ കൊട്ടാരം കപ്പൂച്ചിൻ
യേശു നാൽപതു ദിനരാത്രങ്ങൾ ഉപവസിച്ചു. അപ്പോൾ അവനു വിശന്നു (മത്താ 4:2). ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യങ്ങളിലൊന്ന് വിശപ്പ് മാറ്റുക എന്നതാണ്.
ഭൂരിപക്ഷം മനുഷ്യരും അധ്വാനിക്കുന്നതും ഈ വിശപ്പ് ശമിപ്പിക്കാനുള്ള സാധ്യതകൾ തുറന്നുകിട്ടാനാണ്. അധ്വാനിക്കാനായി ഒരാൾ തെരഞ്ഞെടുക്കുന്നതും എത്തിപ്പെടുന്നതുമായ ഇടം പലതാകുമ്പോഴും ആഗ്രഹവും ലക്ഷ്യവും വിശപ്പകറ്റുക, സമൃദ്ധിയിൽ കഴിയുക എന്നൊക്കെയാണ്.
പ്രലോഭനം
ഉപവാസത്തിലും പ്രാർഥനയിലും കുറേയേറെ ദിവസങ്ങൾ ചെലവിടുന്ന ഈശോ ആദ്യം അഭിമുഖീകരിക്കുന്നതും വിശപ്പിനെയാണ്. യേശുവിനു വിശന്നതുപോലെ ഏതു മനുഷ്യനും വിശപ്പനുഭവപ്പെടും.
ആ വിശപ്പിനെ നേരിടാൻ ഒരാൾ ഉപയോഗിക്കുന്ന മാർഗമാണ് ഇവിടെ പ്രസക്തം. ധ്യാനത്തിലായിരിക്കുന്പോഴും അദ്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള വലിയ സാധ്യതകൾ ഈശോയ്ക്കു മുന്നിൽ ഉണ്ടായിരുന്നു. കല്ലുകളെ അപ്പമാക്കി മാറ്റാനുള്ള പ്രലോഭനമാണ് ഈശോയ്ക്ക് ആദ്യമുണ്ടാകുന്നത്. എന്നാൽ, അവനതിനു മുതിരുന്നില്ല. കുറുക്കുവഴികളിലൂടെ വിശപ്പുമാറ്റുന്ന ചിന്തകളിൽ അവൻ ഇടറിവീഴുന്നില്ല.
ഏതു നിയോഗം പേറിയാണോ ഈ മരുഭൂമിയിലേക്ക് അവൻ വന്നതെന്നു വ്യക്തമായും അറിഞ്ഞിരുന്നതിനാൽ വിശപ്പകറ്റാനുള്ള ആഗ്രഹത്തെ ഒരു അദ്ഭുതത്തിലൂടെയും പരിഹരിക്കാൻ ഈശോ ശ്രമിക്കുന്നില്ല. എന്നാൽ, അന്നന്നത്തെ അപ്പത്തിനായി പണിയെടുത്തിട്ടും ഒന്നും കിട്ടാതെ സങ്കടപ്പെടുന്ന എത്രയോ പേരുണ്ട്, അതുപോലെ കിട്ടിയത് ആവശ്യത്തിനു തികയാത്തവരും.
അത്തരത്തിലുള്ള മനുഷ്യർ എക്കാലത്തും അധിവസിക്കുന്ന ഭൂമിയിൽ തന്റെ വിശപ്പടക്കാനായി കല്ലുകളെ ഈശോ അപ്പമാക്കിയിരുന്നെങ്കിൽ അതൊരു പരാജയമായിരുന്നേനെ. പക്ഷേ, പ്രലോഭകൻ മുന്നോട്ടുവച്ച ഈ കെണിയിലേക്ക് അവൻ വഴുതിപ്പോകുന്നില്ല. ഉള്ളിൽനിന്നു വരുന്ന ഒരാഗ്രഹവും സ്വാർഥപൂർത്തീകരണം മുൻനിർത്തിയാകരുതെന്ന് ഈശോ പറയാതെ പറയുന്നുണ്ട്.
വിശപ്പിന്റെ ആത്മീയത
വിശന്നിട്ടും തന്റെ വിശപ്പ് തീർക്കുന്നതിനു പകരം മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതെന്നു പറഞ്ഞ ഈശോ, തന്റെ മുന്നിൽ വചനം കേട്ടുകൊണ്ടിരുന്നവർക്കു വിശന്നപ്പോൾ അപ്പം വർധിപ്പിച്ചത് നമുക്കറിയാം. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി.
പിന്നീട് ഈശോയുടെ ശിഷ്യർ ചെയ്തത് ബാക്കിവന്ന ഭക്ഷണമെല്ലാം ഒരൽപംപോലും നഷ്ടപ്പെടുത്താതെ ശേഖരിച്ചു എന്നതാണ്. വിശക്കുന്നവന് ആവശ്യത്തിനു ഭക്ഷണം കൊടുത്തപ്പോഴും പാഴാക്കിക്കളയാൻ അവിടന്ന് ഒരിക്കലും ഇഷ്ടപ്പെട്ടില്ല. തപസുകാലത്തെ ആത്മീയതയിൽ വിശപ്പിനെക്കുറിച്ചും അതു പരിഹരിക്കുന്ന ഭക്ഷണത്തെക്കുറിച്ചും നിർബന്ധമായും ധ്യാനിക്കണം.
കോടിക്കണക്കിന് മനുഷ്യർ ലോകത്തിന്റെ പലഭാഗത്തായി പല കാരണങ്ങളുടെ പേരിൽ ഇന്നും പട്ടിണി കിടക്കുമ്പോൾ, ലഭ്യമായ ഭക്ഷണം പാഴാക്കാതിരിക്കുന്നതും ചില സമയങ്ങളിലെങ്കിലും ഭക്ഷണം വേണ്ടായെന്നു തീരുമാനിക്കുന്നതും ആത്മീയതയാണ്.