വരവില്‍ കവിഞ്ഞ സ്വത്ത്; കെ.എം. ഏബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവ്
Saturday, April 12, 2025 2:28 AM IST
കൊച്ചി: മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ.എം. ഏബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.
2015ല്‍ ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് കെ. ബാബുവിന്റെ ഉത്തരവ്.
പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ 2017ലെ ഉത്തരവ് റദ്ദാക്കിയ കോടതി ഈ കേസുമായി ബന്ധപ്പെട്ട് അവിടെ നിലവിലുള്ള എല്ലാ നടപടികളും അവസാനിപ്പിച്ചതായും വ്യക്തമാക്കി.
പരാതിയുടെയും പരാതിക്കാരന്റെ മൊഴിയുടെയും അതിന്മേല് വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെയും മറ്റു സുപ്രധാന രേഖകളുടെയും അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്കി. വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയതിനാല്‍ ഇനി അതിന്റെ ആവശ്യമില്ല. മുന്‍കൂര്‍ അനുമതിയും ഈ കേസില്‍ ആവശ്യമില്ല. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും എത്രയും വേഗം വിജിലന്‍സ് സിബിഐക്കു കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018ല്‍ നല്കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. കെ.എം. ഏബ്രഹാം ഐഎഎസ് സര്‍വീസില്‍ പ്രവേശിച്ചതുമുതല്‍ ഇതുവരെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട പ്രകാരം വര്‍ഷംതോറും ചീഫ് സെക്രട്ടറിക്കു നല്‍കേണ്ട സാമ്പത്തിക ആസ്തി സംബന്ധിച്ച സ്റ്റേറ്റ്മെന്റ് നല്‍കിയിട്ടില്ലെന്നും മുംബൈയിലും തിരുവനന്തപുരത്തും കൊല്ലത്തുമടക്കം പലയിടത്തും കോടികളുടെ സ്ഥലവും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയെന്നും ശമ്പളത്തേക്കാളധികം തുക എല്ലാ മാസവും വായ്പ തിരിച്ചടയ്ക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആരോപണങ്ങള്‍ വിശദമായി പരിശോധിക്കുമ്പോള്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ മതിയായ കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതായി സിംഗിള്‍ ബെഞ്ച് വിലയിരുത്തി.
ശരിയായ രീതിയില്‍ സത്യസന്ധവും പക്ഷപാതരഹിതവുമായ അന്വേഷണം നടക്കുകയെന്നതാണ് പൊതുവിശ്വാസം നിലനിര്‍ത്താന്‍ അനിവാര്യമായി വേണ്ടത്. അതിനാല്‍, കേസില്‍ സിബിഐ അന്വേഷണം നടക്കണമെന്ന് കോടതി വ്യക്തമാക്കി. കേസ് ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബിഐയും അറിയിച്ചു.