ആബേലിനു നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി
Saturday, April 12, 2025 2:27 AM IST
മാള: തിരുമുക്കുളത്തു നിഷ്ഠുരമായി കൊലചെയ്യപ്പെട്ട ആബേലിനു നാടു കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. തിരുമുക്കുളം ഗ്രാമം മുഴുവൻ തങ്ങൾക്കു പ്രിയപ്പെട്ട ആബേലിനു യാത്രാമൊഴിയേകാൻ എത്തിയിരുന്നു. നിറകണ്ണുകളോടെ വൻജനാവലി ആബേലിന് ആദരാഞ്ജലികൾ അർപ്പിച്ചു.
കൂട്ടുകാരോടൊപ്പം കളിക്കാൻപോയ ആറുവയസുകാരൻ തിരിച്ചുവരാത്തതിനെതുടർന്നുള്ള അന്വേഷണത്തിൽ നാടിനെ നടുക്കിയ കൊലപാതകവാർത്തയാണ് അറിയാനായത്.
വ്യാഴാഴ്ച രാത്രി എട്ടിനാണ് പാടശേഖരത്തിലെ കുളത്തിൽനിന്നും തിരുമുക്കുളം മഞ്ഞളി അജീഷിന്റെ മകൻ അബു എന്നുവിളിക്കുന്ന ആബേലിന്റെ മൃതദേഹം ലഭിക്കുന്നത്. ഫയർഫോഴ്സാണ് മൃതദേഹം കണ്ടെടുത്തത്.
ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
താണിശേരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ സംസ്കാരം നടത്തി. താണിശേരി സെന്റ് സേവ്യേഴ്സ് സ്കൂളിലെ യുകെജി വിദ്യാർഥിയായിരുന്നു ആബേൽ. അമ്മ: നീതു. സഹോദരൻ: അശ്വിൻ.