വയനാട് ടൗണ്‍ഷിപ്പ്: എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തു
Saturday, April 12, 2025 2:28 AM IST
കൽപ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിനുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു.ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് വയനാട് ജില്ലാ കളക്ടര്‍ ഭൂമി ഏറ്റെടുത്തത്.
കല്‍പ്പറ്റ വില്ലേജ് ബ്ലോക്ക് 19 റീസര്‍വേ നമ്പര്‍ 88 ല്‍ 64.4705 ഹെക്ടര്‍ ഭൂമിയും കുഴിക്കൂര്‍ ചമയങ്ങളും ഏറ്റെടുത്താണ് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, ഭൂമി ഏറ്റെടുക്കുന്നതിനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ ഓഫീസര്‍ ജെ.ഒ. അരുണ്‍, എഡിഎം കെ. ദേവകി, തഹസില്‍ദാര്‍മാര്‍, റവന്യു, ട്രഷറി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രാത്രിതന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്കി. ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മാണപ്രവൃത്തികള്‍ ഇന്ന് ആരംഭിക്കും.
ദുരന്തബാധിതര്‍ക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിന് 17 കോടി രൂപകൂടി സര്‍ക്കാര്‍ കെട്ടിവയ്ക്കാന്‍ ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. തുക കെട്ടിവച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി അനുമതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം ചേര്‍ന്നു ഹൈക്കോടതി നിര്‍ദേശിച്ച തുക കോടതിയില്‍ കെട്ടിവയ്ക്കുന്നതിനും ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനും തീരുമാനിച്ചത്.
നഷ്ടപരിഹാരമായി കൂടുതല്‍ തുക വേണമെന്നാവശ്യപ്പെട്ട് എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റ് നല്കിയ അപ്പീലിലാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഈ ഉത്തരവിനു പിന്നാലെയാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്.