പിഞ്ചുബാലന്റെ കൊലപാതകം; കൂസലില്ലാതെ പ്രതി; നാട്ടുകാരെ നിയന്ത്രിക്കാൻ പാടുപെട്ട് പോലീസ്
Saturday, April 12, 2025 2:27 AM IST
മാള: ആറുവയസുകാരൻ ആബേലിനെ കുളത്തിൽ തള്ളിയിട്ടുകൊലപ്പെടുത്തിയ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ജനരോഷം അണപൊട്ടി. യാതൊരു കൂസലുമില്ലാതെ പോലീസിനൊപ്പം നടന്നു സംഭവങ്ങൾ വിശദീകരിച്ച പ്രതി കൈതാരത്ത് ജോജോയെ ഇന്നലെ ഉച്ചയ്ക്കാണു സ്ഥലത്തെത്തിച്ചത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറുകണക്കിനു പോലീസുകാരുടെ വലയത്തിൽ ആയിരുന്ന പ്രതിയെ കൈയേറ്റംചെയ്യാനും ജനക്കൂട്ടത്തിൽനിന്നു ശ്രമം ഉണ്ടായി. ഇതിനിടെ ആരോ കല്ലെടുത്ത് പ്രതിയെ എറിയുകയും ചെയ്തു.
നാട്ടുകാരെ പണിപ്പെട്ടു നിയന്ത്രിച്ചാണു പോലീസ് തെളിവെടുപ്പു പൂർത്തിയാക്കിയത്. കുഴൂർ തിരുമുക്കുളം സ്വർണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിന്റെ മകൻ ആബേലാണു വ്യാഴാഴ്ച വൈകുന്നേരം നിഷ്ഠുരമായി കൊലചെയ്യപ്പെട്ടത്.
ചാന്പയ്ക്ക നൽകാമെന്നു പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ പ്രതി ജോജോ ലൈംഗിക അതിക്രമത്തിനു ശ്രമിക്കുകയായിരുന്നു. ഇതു ചെറുത്ത കുട്ടി വിവരം അമ്മയോടു പറയുമെന്നു പറഞ്ഞു.
ഇതിൽ പ്രകോപിതനായി കുളത്തിൽ തള്ളിയിട്ടുകൊലപ്പെടുത്തിയെന്നാണു മൊഴി. ആദ്യ രണ്ടുതവണ തള്ളിയിട്ടപ്പോൾ കുളത്തിൽനിന്നു കയറിവരാൻ ശ്രമിച്ച കുട്ടിയെ ഇയാൾ വീണ്ടും ആഴത്തിലേക്കു തള്ളിയിടുകയായിരുന്നു.
കുട്ടിയെ കാണാതായതിനുശേഷം നടത്തിയ തെരച്ചിലിൽ പോലീസിനും ഫയർഫോഴ്സിനും സഹായമായി നാട്ടുകാരോടൊപ്പം പ്രതിയും ഉണ്ടായിരുന്നു. ആബേൽ ജോജോയോടൊപ്പം പോകുന്നതു സിസിടിവി ദൃശ്യങ്ങളിൽ കണ്ടതോടെയാണ് അന്വേഷണം പ്രതിയിലേക്ക് എത്തിയത്.
ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജോജോ നേരത്തേ മോട്ടോർസൈക്കിൾ മോഷ്ടിച്ചതിനു പിടിയിലായി റിമാൻഡിൽ കഴിഞ്ഞിട്ടുള്ളയാളാണ്.
കാമറ ദൃശ്യം തെളിവായി
മാള: ആബേലിന്റെ വീട്ടിൽ സ്ഥാപിച്ച സിസി ടിവി കാമറകളിലെ ദൃശ്യങ്ങൾതന്നെയാണ് കേസിൽ നിർണായകമായത്.
ഗൾഫിൽ ജോലിചെയ്യുന്ന ആബേലിന്റെ പിതാവ് അജീഷ് രണ്ടു മാസംമുന്പാണു നാട്ടിൽ വന്ന് വിദേശത്തേക്കു തിരിച്ചുപോയത്. പോകുംമുൻപാണ് വീട്ടിൽ സിസി ടിവി കാമറകൾ സ്ഥാപിച്ചത്.