മുതലമടയിൽ 13 പശുക്കൾ ട്രെയിനിടിച്ച് ചത്തു
Sunday, April 13, 2025 1:26 AM IST
വണ്ടിത്താവളം: മുതലമട റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിടിച്ച് 13 പശുക്കൾ ചത്തു. ഇന്നലെ രാവിലെ ഏട്ടരയ്ക്ക് മീങ്കര അണക്കെട്ടിനു സമീപമുള്ള നാവിളം തോടിനടുത്താണ് അപകടം. ചെന്നൈയിൽനിന്നു പാലക്കാട്ടേക്കു വരികയായിരുന്ന ട്രെയിനാണ് ട്രാക്കിൽ നിൽക്കുകയായിരുന്ന പശുക്കളെ ഇടിച്ചത്.
ട്രെയിൻ ഹോൺ മുഴക്കിയെങ്കിലും മേച്ചിലിനുവിട്ട പശുക്കൾക്ക് രക്ഷപ്പെടാനായില്ല. മേയാൻ വിടുന്പോൾ പശുക്കളുടെ മുൻകാലുകൾ കഴുത്തുമായി ബന്ധിക്കുന്ന പതിവുണ്ട്. ഇതുമൂലമാണ് പെട്ടെന്ന് ഓടിമാറാൻ കഴിയാഞ്ഞതെന്നു കരുതുന്നു.
ട്രെയിനിന്റെ ചക്രങ്ങൾക്കിടയിലും ട്രാക്കിനു പുറത്തും പശുക്കളുടെ ശരീരാവശിഷ്ടങ്ങൾ ചിതറിയ നിലയിലായിരുന്നു. ട്രെയിൻ സംഭവസ്ഥലത്തുതന്നെ നിർത്തിയിട്ടു. റെയിൽവേ പോലീസും മറ്റ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
പശുക്കളുടെ ശരീരാവശിഷ്ടങ്ങൾ പൂർണമായും നീക്കിയശേഷം പാലക്കാട് പൊള്ളാച്ചി പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. റെയിൽവേ ട്രാക്കിനുസമീപം പശുക്കളെ മേയാൻവിട്ട ഉടമകളെക്കുറിച്ച് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.