സർവത്ര അഴിമതി!; ഡിജിറ്റൽ റീസർവേ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയെന്ന് വിജിലൻസ്
Sunday, April 13, 2025 1:26 AM IST
തൃശൂർ: റവന്യു മന്ത്രിയുടെ കീഴിലുള്ള സർവേ ഡിപ്പാർട്ട്മെന്റിൽ ഡിജിറ്റൽ റീസർവേയ്ക്ക് 343 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയെന്ന് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്.
സംസ്ഥാനത്തെ 1,566 വില്ലേജുകളിൽ റീസർവേ നടപടികൾ നടത്തുന്നതിനാണ് ഡിജിറ്റൽ റീസർവേ പരിപാടിയുടെ ഭാഗമായി ഉപകരങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചത്. ഇതിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് സിബിഐ കൊച്ചി യൂണിറ്റിന് പരാതിനൽകി.
തുടർന്ന് സിബിഐ പരാതി വിജിലൻസ് ഡയറക്ടർക്ക് അന്വേഷണം നടത്തുവാൻ നിർദ്ദേശിച്ച് അയച്ചുകൊടുക്കുകയും വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തുകയുംചെയ്തു.
339.44 കോടി രൂപയ്ക്ക് റീസർവേ ഉപകരണങ്ങൾ വാങ്ങിയതിൽ പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്നും കൃത്യമായി പരസ്യം നൽകാതെയാണ് ടെൻഡർ ക്ഷണിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഉപകരണങ്ങൾ വാങ്ങുന്നതിന് അടങ്കൽ തുകയായി 168 കോടി രൂപവച്ച് നൽകിയ ടെൻഡർ മുഖാന്തരമാണ് ഹെക്സഗണ് എന്ന കന്പനി തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ വാങ്ങാൻ ഉദ്ദേശിച്ച ഉപകരണങ്ങളുടെ സ്പെസിഫിക്കേഷനിലും എണ്ണത്തിലും വ്യതിയാനംവരുത്തി ചില ഉപകരണങ്ങൾക്ക് 16 ഇരട്ടിവരെ വിലവർധിപ്പിച്ച് ആകെ ഇരട്ടിയിലധികം തുകയ്ക്ക് ഉപകരണങ്ങൾ വാങ്ങാൻ തീരുമാനിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ടെൻഡർ മുഖേന വാങ്ങിയ വലിയ അളവിലുള്ള ഉപകരണങ്ങൾ ചെറിയ കാലയളവിനുള്ളിൽത്തന്നെ കേടുവന്നതും അത് പരിഹരിക്കാതെ നിലനിൽക്കുന്നുവെന്നതും ടെൻഡർ നടപടികളിൽ അപാകത സംഭവിച്ചെന്നതും വിജിലൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം വേണമെന്ന ശിപാർശയും വിജിലൻസ് മുന്നോട്ടുവച്ചിട്ടുണ്ട്.
ഡിജിറ്റൽ റീസർവേ പദ്ധതിപ്രകാരം 339.44 കോടി രൂപയ്ക്ക് റീസർവേ ഉപകരണങ്ങൾ വാങ്ങിയതിലും മുൻപ് വാങ്ങിയ ഉപകരണങ്ങൾ മനപ്പൂർവം ഉപയോഗശൂന്യമാക്കിയതിലും ഡിജിറ്റൽ റീസർവേയുടെ പേരിൽ നടത്തുന്ന 800 കോടി രൂപയുടെ ധൂർത്തിലും 3,000 ജോലിക്കാരെ യോഗ്യത മാനദണ്ഡമാക്കാതെ രാഷ്ട്രീയാടിസ്ഥാനത്തിൽ നിയമിച്ചതിലും അഴിമതിയും ക്രമക്കേടും നടന്നുവെന്ന് ഷാജി കോടങ്കണ്ടത്ത് പരാതിയിൽ പരാമർശിച്ചിരുന്നു.