കുടിയേറ്റജനതയെ നെഞ്ചേറ്റിയ കോഴിക്കോട് രൂപത
Sunday, April 13, 2025 1:26 AM IST
കോഴിക്കോട്: മണ്ണിനോടും വന്യമൃഗങ്ങളോടും പടവെട്ടിയ കുടിയേറ്റ ജനതയ്ക്കു വഴികാട്ടിയായി മാറിയ കോഴിക്കോട് രൂപതയ്ക്ക് അംഗീകാരമായി അതിരൂപത പദവി. കേരള ലത്തീന്‍ സഭയില്‍ മൂന്നാമത്തെ അതിരൂപതയാണു കോഴിക്കോട്. വരാപ്പുഴയും തിരുവനന്തപുരവുമാണ് മറ്റു രണ്ട് അതിരൂപതകള്‍.
1923 ജൂൺ 12നാണ് കോഴിക്കോട് രൂപത നിലവിൽവന്നത്. മംഗലാപുരം രൂപത മെത്രാനായിരുന്ന ബിഷപ് പെരീനിയാണ് കോഴിക്കോട് ആസ്ഥാനമായി രൂപത സ്ഥാപിക്കണമെന്നു റോമിലേക്ക് അഭ്യർഥന നടത്തിയത്.
മംഗലാപുരം, മൈസൂർ, പോണ്ടിച്ചേരി, കോയമ്പത്തൂർ, രൂപതകളിൽനിന്ന് ഇന്നത്തെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളുൾപ്പെടുന്ന മലബാർപ്രദേശം വേർതിരിച്ചെടുത്താണ് പിയൂസ് പതിനൊന്നാമൻ മാർപാപ്പ കോഴിക്കോട് രൂപതയ്ക്ക് രൂപംനൽകിയത്.
ബിഷപ് പോൾ പെരീനിയായിരുന്നു ആദ്യ മെത്രാൻ. അദ്ദേഹത്തിന്റെ കാലശേഷം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന മോൺ. ബെഞ്ചമിൻ എം. റസാനിയാണ് 1932 മുതൽ 38 വരെ രൂപതയുടെ ഭരണം നിർവഹിച്ചത്. 1938 മാർച്ച് 13ന് രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഡോ. ലിയോ പ്രൊസർപ്പിയോ അഭിഷിക്തനായി.
1948 മുതൽ 1980 വരെ രൂപതയ്ക്കു നേതൃത്വം നൽകിയത് ബിഷപ് ആൽദോ മരിയ പത്രോണിയാണ്.
1980 സെപ്റ്റംബർ ഏഴിന് കോഴിക്കോട് രൂപതയുടെ ആദ്യ തദ്ദേശീയ മെത്രാനായി ബിഷപ് മാക്സ്വെൽ നെറോണ ചുമതലയേറ്റു. 2002ൽ ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സാരഥ്യമേറ്റെടുത്തു.
അദ്ദേഹം റോമിൽ നിയമിതനായതോടെ മോൺ. വിൻസെന്റ് അറയ്ക്കൽ അഡ്മിനിസ്ട്രേറ്ററായി. 2012ൽ ചുമതലയേറ്റ ബിഷപ് ഡോ. വർഗീസ് ചക്കാലക്കലാണ് ശതാബ്ദി വർഷത്തിലും രൂപതയെ നയിച്ചത്.
വിദ്യാഭ്യാസരംഗത്തും ആതുരസേവനരംഗത്തും ഒട്ടേറെ സ്ഥാപനങ്ങൾക്കു തുടക്കമിടാന്‍ ഇക്കാലയളവില്‍ സാധിച്ചു.
അന്ധവിദ്യാലയവും കുഷ്ഠരോഗം ബാധിച്ചവരുടെ പുനരധിവാസകേന്ദ്രവുമടക്കം അനേകം സ്ഥാപനങ്ങളാണ് രൂപത മലബാറിൽ സ്ഥാപിച്ചത്.