എൽസ്റ്റണിൽ ടൗണ്ഷിപ് നിർമാണം തുടങ്ങി
Sunday, April 13, 2025 2:17 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരുടെ പുരനധിവാസത്തിന് കൽപ്പറ്റ ടൗണിനു സമീപം എൽസ്റ്റൺ എസ്റ്റേറ്റിലെ പുൽപ്പാറ ഡിവിഷനിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ടൗണ്ഷിപ് നിർമാണത്തിനുള്ള പ്രാരംഭജോലികൾ തുടങ്ങി. ഭൂമിയുടെ സർവേ, തേയിലച്ചെടികളും ചെറുമരങ്ങളും യന്ത്രസഹായത്തോടെ പിഴുതുമാറ്റി സ്ഥലമൊരുക്കൽ എന്നീ പ്രവൃത്തികളാണ് ഇന്നലെ രാവിലെ ആരംഭിച്ചത്.
ഇതിനിടെ, ആനുകൂല്യങ്ങൾ നൽകാതെ ടൗണ്ഷിപ് നിർമാണം തുടങ്ങിയതിൽ പ്രതിഷേധവുമായി എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ രംഗത്തുവന്നു. ആനുകൂല്യങ്ങളുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം അടിയന്തരമായി എടുക്കണമെന്നും അല്ലാത്തപക്ഷം ടൗണ്ഷിപ് നിർമാണം തടയുമെന്നും അവർ മുന്നറിയിപ്പ് നൽകി.
2005ലെ ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുത്തതിനെതിരേയും 546 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും എൽസ്റ്റൺ എസ്റ്റേറ്റ് മാനേജ്മെന്റ് സമർപ്പിച്ച അപ്പീൽ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കാമെന്നു വ്യക്തമാക്കിയ കോടതി എൽസ്റ്റൺ എസ്റ്റേറ്റ് മാനേജ്മെന്റിനു നഷ്ടപരിഹാരമായി നേരത്തേ മന്ത്രിസഭ തീരുമാനിച്ച 26 കോടി രൂപയ്ക്കു പുറമേ 17 കോടി രൂപകൂടി അനുവദിക്കണമെന്നും ഉത്തരവായി. ഇതേത്തുടർന്ന് 17 കോടി രൂപ കോടതിയിൽ സർക്കാർ കെട്ടിവച്ചു.
വൈകുന്നേരം ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം ചേർന്നതിനുശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എസ്റ്റേറ്റിലെത്തിയ ഉദ്യോഗസ്ഥസംഘം കൽപ്പറ്റ വില്ലേജിലെ ബ്ലോക്ക് നന്പർ 19ൽ റീസർവേ നന്പർ 88ലുള്ള 64.4705 ഹെക്ടർ ഭൂമിയും കുഴിക്കൂർ ചമയങ്ങളും സർക്കാർ ഏറ്റെടുത്തതായി അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ രാവിലെ ടൗണ്ഷിപ് നിർമാണജോലികൾക്കു തുടക്കമായത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരേ എൽസ്റ്റൺ എസ്റ്റേറ്റ് മാനേജ്മെന്റ് മേൽക്കോടതിയെ സമീപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്.
ഹെഡ് സർവേയറുടെ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന 12 സംഘങ്ങളാണ് എസ്റ്റേറ്റിൽ സർവേ ജോലി ചെയ്യുന്നത്. തേയിലച്ചെടികൾ പിഴുതുമാറ്റുന്നതിനും മറ്റും മൂന്ന് മണ്ണുമാന്തിയന്ത്രങ്ങളാണ് എത്തിച്ചത്.