തുന്പിക്കൈപ്പിടിയിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെടൽ
Sunday, April 13, 2025 2:17 AM IST
ബിജു പാരിക്കാപ്പള്ളി
ഇരിട്ടി: ആനയ്ക്കും ജീവിതത്തിനുമിടയിൽ ആറളം സ്വദേശി കഴിഞ്ഞത് അര മണിക്കൂർ. ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒന്പത് പ്ലോട്ട് നമ്പർ 97 ലെ താമസക്കാരൻ ഭാസ്കരൻ തലക്കുളമാണ് വീട്ടുമുറ്റത്തെ ത്തിയ ആനയ്ക്കു മുന്നിൽപ്പെട്ട് രക്ഷപ്പെടാനാകാതെ നിന്നു പോയത്.
വെള്ളിയാഴ്ച രാത്രി 11.45നായിരുന്നു സംഭവം. ആന ഒരു ചുവട് മുന്നോട്ടുവച്ചാൽ തുമ്പിക്കൈയിൽ കുരുങ്ങി ഭാസ്കരൻ മറ്റൊരു രക്തസാക്ഷിയാകേണ്ടിവരുമായിരുന്നു.
സംഭവത്തെക്കുറിച്ച് ഭാസ്കരൻ പറയുന്നത്: രാത്രി 11.45 ഓടെയാണ് ബന്ധുവിന്റെ മകൾ ഫോൺ വിളിച്ച് ആന വരുന്നതായി അറിയിച്ചത്. ഉടൻതന്നെ ആർആർടി ഗ്രൂപ്പിൽ വിവരം അറിയിച്ചശേഷം മുറ്റത്തേക്ക് ഇറങ്ങിയ ഞാൻ കാണുന്നത് മുറ്റത്തെ പ്ലാവിന്റെ ചുവട്ടിൽ നിൽക്കുന്ന മോഴയാനയെയാണ്. എവിടേക്കെങ്കിലും ഓടിമാറാൻ ശ്രമിച്ചാൽ ആനയുടെ തുമ്പിക്കൈ നീട്ടിയാൽ പിടിവീഴും.
ആന ഒരു കാൽ മുന്നോട്ടുവച്ചാൽ എന്റെ സ്കൂട്ടർ തകർക്കും. ഇതിനിടയിലാണ് വളർത്തുനായ കുരച്ചുകൊണ്ട് ആനയ്ക്കു നേരേ ചാടിയത്. നായയെ പിടിയിൽ ഒതുക്കുന്നതിനിടയിൽ ഫോൺ കൈയിൽനിന്ന് തെറിച്ചുവീണു.
നായ മുന്നോട്ടുചെന്നാൽ നായയും സ്കൂട്ടറും ഞാനും ബാക്കിയുണ്ടാകില്ല എന്ന് ഉറപ്പിച്ചു. പിടിവിടുവിക്കാനായി നായ എന്നെ കടിക്കുന്നുണ്ടെങ്കിലും പിടിവിടാതെ ""പോ ആനേ... പോ ആനേ...''എന്ന് ആകുന്നത്ര ശബ്ദത്തിൽ ബഹളം വച്ചു. ഇതെല്ലാം കണ്ടുകൊണ്ട് പ്ലാവിന്റെ ചുവട്ടിൽ ആന അനങ്ങാതെ നിന്നു...
ബഹളംകേട്ട് അടുത്ത ബന്ധു അറക്കവാൾ സ്റ്റാർട്ടാക്കി ശബ്ദമുണ്ടാക്കിയപ്പോഴാണ് ആന പിന്തിരിഞ്ഞോ ടിയത്. അതുവരെ എല്ലാം കണ്ടുനിന്ന ആനയ്ക്ക് മുന്നിൽനിന്നു രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രമാ ണെന്നും ഭാസ്കരൻ പറയുന്നു.
സംഭവസമയത്ത് ഭാസ്കരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 500 മീറ്റർ അപ്പുറത്ത് നിരീക്ഷണം നടത്തിയിരുന്ന ആർആർടി സംഘം ആന പോയശേഷമാണു സ്ഥലത്തെത്തിയതെന്നും ഭാസ്കരൻ പറഞ്ഞു.