മാസപ്പടി കേസിൽ മുഖ്യപ്രതിയാകേണ്ടത് പിണറായി വിജയൻ: മാത്യു കുഴല്നാടന്
Saturday, April 12, 2025 2:27 AM IST
കണ്ണൂര്‍: മാസപ്പടി കേസില്‍ ശരിയായ അന്വേഷണം നടന്നാൽ നടപടികൾ പൂര്‍ത്തിയാകുമ്പോള്‍ കുന്തമുന നീളുക മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണെന്ന് മാത്യു കുഴല്നാടന് എംഎൽഎ. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് വാർത്താസമ്മേളനത്തില്‍ കോടതിയുടെ പരിഗണനയിലുള്ള കേസില്‍ മറുപടി പറയാനില്ലെന്നു പറഞ്ഞ് ചോദ്യങ്ങളിൽനിന്നു തടിതപ്പുകയായിരുന്നു.
വീണാ വിജയനെതിരായ കേസില്‍ ആദ്യം സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചതു പണമിടപാട് രണ്ടു കന്പനികളുടെ ഡീൽ ആണെന്നും അതിൽ നികുതി അടച്ചിട്ടുണ്ടെന്നുമായിരുന്നു.
എന്നാൽ എസ്എഫ്ഐഒ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഇപ്പറഞ്ഞതെല്ലാം വിഴുങ്ങുകയും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തുന്നില്ലെന്നു പറഞ്ഞ് തടിയൂരുകയായിരന്നു.
ഇതിലൂടെ കേസിലെ മുഖ്യപ്രതിയും അഴിമതിക്കാരനും മുഖ്യമന്ത്രിയാണെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
എക്സാലോജിക്കും സിഎംആര്‍എല്‍ കമ്പനിയുമായുള്ള ഇടപാടില്‍ നടന്നത് കള്ളപ്പണം വെളുപ്പിക്കലാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.