മുനമ്പം: വഖഫ് സ്വത്താണോ എന്നതില്‍ സംശയമെന്നു നിരീക്ഷണം
Saturday, April 12, 2025 2:28 AM IST
കോഴിക്കോട്: വഖഫ് ആക്ട് നിലവില്‍വന്ന് നിശ്ചിതസമയത്തിനകം രജിസ്റ്റര്‍ ചെയ്യാത്ത തിൽ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് വഖഫ് ട്രൈബ്യൂണലിന്റെ നിരീക്ഷണം.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ബോര്‍ഡിന്റെ 2019ലെ ഉത്തരവും തുടര്‍ന്ന് സ്ഥലം വഖഫ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളജ് മാനേജ്മെന്റ് അഡ്വ. കെ.പി. മായന്‍, അഡ്വ. വി.പി. നാരായണന് എന്നിവര്‍ മുഖേന നല്കിയ ഹർജിയിലുള്ള വാദം കേള്‍ക്കുന്നതിനിടെയാണു ട്രൈബ്യൂണലിന്റെ നിരീക്ഷണം.
1950ല്‍ ആണ് മുനമ്പത്തെ ആധാരം രജിസ്റ്റര്‍ ചെയ്തത്. 1954ല്‍ വഖഫ് ആക്ട് നിലവില്‍ വന്നപ്പോള്‍ ഈ ഭൂമി വഖഫില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നു. വഖഫ് ആക്ട് വന്ന് ഒരു വര്‍ഷത്തിനകം എല്ലാ സ്വത്തുക്കളും രജിസ്ട്രേഷന് നടത്തേണ്ടതാണ്. എന്നാല്‍ മുനമ്പത്തെ ഭൂമി വഖഫ് ആക്ട് പ്രകാരം അന്ന് രജിസ്റ്റര്‍ ചെയ്തില്ല. അതുകൊണ്ടുതന്നെ ഈ സ്വത്ത് വഖഫ് ആകില്ലെന്നാണു നിരീക്ഷണം.
ഭൂമി വഖഫ് ചെയ്തു എന്നു പറയുന്ന മുഹമ്മദ് സിദ്ദിഖ് സേട്ട് വഖഫ് നിയമത്തെക്കുറിച്ച് പാണ്ഡിത്യമുള്ള വ്യക്തിയാണ്. അദ്ദേഹം വഖഫ് ബോര്‍ഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതെല്ലാം അദ്ദേഹത്തിന് അറിയാമെന്നിരിക്കെ 1954ലെ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഭൂമി തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്നാണു വാദത്തില്‍ വ്യക്തമായത്.
വഖഫിന്റെ രജിസ്റ്ററില്‍ വരാത്തതിനാല്‍ ഭൂമി അന്യാധീനപ്പെട്ടാല്‍ നിലവിലുള്ള ആക്ട് പ്രകാരം വഖഫ് ബോര്‍ഡിന് അതു തിരിച്ചുപിടിക്കാന്‍ അധികാരമില്ലെന്ന നിരീക്ഷണവും ഉണ്ടായി.
1964നു മുമ്പുള്ള മുഹമ്മദന്‍ നിയമവും 1954ലെ വഖഫ് ആക്ടുമാണ് ഇന്നലെ പ്രധാനമായും ചര്‍ച്ച ചെയ്തത്. മുനമ്പം വഖഫ് ഭൂമി കേസില്‍ ഭൂമി വിശദമായി സര്‍വേ ചെയ്ത് തിട്ടപ്പെടുത്താന്‍ അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളജിന് സ്ഥലം നല്‍കിയയാളുടെ ബന്ധുക്കള്‍ വഖഫ് ജഡ്ജി രാജന് തട്ടില്‍ ഉള്‍പ്പെട്ട മൂന്നംഗ വഖഫ് ട്രൈബ്യൂണല്‍ മുമ്പാകെ ഹർജി നല്കി. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ 21ന് ട്രൈബ്യൂണല്‍ ഹർജി പരിഗണിക്കും.
വാദംകേള്‍ക്കലിനിടെയാണ് എതിര് കക്ഷികളിലൊരാളായ കൊച്ചി ചുള്ളിക്കല്‍ നൂര്‍ മുഹമ്മദ് സേട്ടിന്റെ മകന് എന്‍.എം. ഇര്‍ഷാദ് സേട്ട് അഡ്വ. വി. അനസ് മുഖേന ഹർജി നല്‍കിയത്. ഇപ്പോള്‍ എത്ര സ്വത്ത് നിലനില്ക്കുന്നു, എത്ര കടലെടുത്തു, എത്രസ്ഥലം ഫാറൂഖ് കോളജിന്റെ കൈവശമുണ്ട്, മറ്റുള്ളവര്‍ സ്ഥലം കൈവശംവയ്ക്കുന്നത് ഏതെല്ലാം രേഖയുടെ അടിസ്ഥാനത്തിലാണ് എന്നിവ പരിശോധിക്കണമെന്നാണ് ആവശ്യം.
കേസിന്റെ മുഖ്യവാദം കേള്‍ക്കലിനു മുന്‍പേ അഭിഭാഷകരുമായുളള സംശയനിവാരണമാണു ട്രൈബ്യൂണല്‍ മുമ്പാകെ ഇപ്പോള്‍ നടക്കുന്നത്.
വഖഫ് എന്ന നിലയില്‍ മുതവല്ലിയായ ഫാറൂഖ് കോളജ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് വഖഫ് ബോര്‍ഡ് സ്വമേധയാ മുനമ്പം ഭൂമി വഖഫായി പ്രഖ്യാപിച്ചതെന്ന് ബോര്‍ഡിനുവേണ്ടി ഹാജരായ അഡ്വ. കെ.എം. മുഹമ്മദ് ഇഖ്ബാല്‍ വാദിച്ചു.
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട ആധാരത്തില്‍ ഏത് നിയമമാണ് ബാധകമാകുകയെന്നതിലും വാദം കേട്ടു. മാധ്യമങ്ങളെ അകറ്റിനിര്‍ത്തില്ലെന്നും നടക്കുന്ന കാര്യങ്ങള്‍ പുറത്തറിയണമെന്നും വാദം കേള്‍ക്കുന്നതിനിടെ ജഡ്ജി രാജന് തട്ടില്‍ പറഞ്ഞു.