എയ്ഡഡ് സ്കൂളുകളിലെ അധ്യാപകനിയമന അംഗീകാരം; തീരുമാനം നാലു മാസത്തിനകം വേണമെന്നു ഹൈക്കോടതി
Saturday, April 12, 2025 2:28 AM IST
കൊച്ചി: കത്തോലിക്ക മാനേജ്മെന്റിനു കീഴിലുള്ള എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ സർക്കാർ നാലു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത നാലു ശതമാനം തസ്തികകൾ ഒഴികെയുള്ളതിൽ തീരുമാനമെടുക്കാനാണ് ജസ്റ്റീസ് എൻ. നഗരേഷിന്റെ ഉത്തരവ്.
ഭിന്നശേഷി സംവരണ വിഷയത്തിൽ എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായി മാർച്ച് നാലിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിൽ കേരള കൺസോർഷ്യം ഓഫ് കാത്തലിക് സ്കൂൾ മാനേജ്മെന്റ് സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഉത്തരവ്.
സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് മാർച്ച് 17ന് എൻഎസ്എസ് മാനേജ്മെന്റിനു മാത്രം ബാധകമായവിധം സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതു തങ്ങൾക്കും ബാധകമാക്കണമെന്ന ഹർജിയിലെ ആവശ്യം കോടതി പരിഗണിച്ചു.
കത്തോലിക്കാ മാനേജ്മെന്റുകൾക്കു കീഴിലുള്ള എല്ലാ സ്കൂളുകളിലും ഭിന്നശേഷിക്കാരെ നിയമിക്കുന്നതിന് തസ്തിക ഒഴിച്ചിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താനുള്ള നടപടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പുരോഗമിക്കുകയാണെന്നും കാത്തലിക് സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി.
എന്നാൽ, ഭിന്നശേഷി തസ്തികയിലേക്ക് യോഗ്യരായവരെ കണ്ടെത്തിയിട്ടില്ലെന്ന കാരണത്താൽ മറ്റ് അധ്യാപകരുടെ നിയമനാംഗീകാരവും വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവയ്ക്കുകയാണെന്ന് മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.
തുടർന്നാണ് സുപ്രീംകോടതി ഉത്തരവിന്റെയും കാത്തലിക് സ്കൂൾ മാനേജ്മെന്റുകൾ സർക്കാരിനു നൽകിയിട്ടുള്ള നിവേദനത്തിന്റെയും പശ്ചാത്തലത്തിൽ നാലു മാസത്തിനകം തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്.
എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കണം: കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ
കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമന വിഷയത്തിൽ, സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിൽ എല്ലാ സ്കൂളുകൾക്കും ബാധകമാകുന്ന വിധത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ആവശ്യപ്പെട്ടു.
ഇനിയും മാനേജ്മെന്റുകളെയും സ്കൂളുകളെയും അധ്യാപകരെയും കോടതിവ്യവഹാരങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. എൻഎസ്എസ് മാനേജ്മെന്റിനു മാത്രം ബാധകമാകുന്ന വിധത്തിൽ സർക്കാർ ഉത്തരവിറക്കിയതാണു വിഷയത്തിൽ നിയമപരമായ സങ്കീർണതയുണ്ടാക്കുന്നത്.
എല്ലാ മാനേജ്മെന്റുകൾക്കും പ്രത്യേകം കോടതിയെ സമീപിക്കേണ്ടിവരുന്നതിനാൽ അധികച്ചെലവും കോടതികളുടെ സമയനഷ്ടവും ഉണ്ടാകുന്ന സ്ഥിതിയാണ്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.