വെറ്ററിനറി സർവകലാശാലാ വിസി നിയമനം: തടയിട്ട് ഗവർണർ; പിൻവാങ്ങി സർക്കാർ
Sunday, April 13, 2025 2:17 AM IST
തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിനു ചട്ടരഹിത സേർച്ച് കമ്മിറ്റി രൂപീകരിച്ച സർക്കാർ നീക്കത്തിനു തടയിട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണറുടെ നീക്കത്തത്തുടർന്ന് സെർച്ച് കമ്മിറ്റിയിലെ പ്രതിനിധികളെ കേന്ദ്രം അയയ്ക്കാതിരുന്നതോടെ സംസ്ഥാനം പിൻവാങ്ങുകയായിരുന്നു.
രാഷ്ട്രപതി തള്ളിയ ബില്ലിലെ വ്യവസ്ഥകളനുസരിച്ച് വെറ്ററിനറി സർവകലാശാലാ വൈസ്ചാൻസലർ നിയമനം നടത്താനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാനായിരുന്നു സർക്കാർ നീക്കം.
15ന് സെർച്ച് കമ്മിറ്റി യോഗം ചേരാനും തീരുമാനിച്ചു. എന്നാൽ, യോഗത്തിലേക്ക് യുജിസി, അഗ്രികൾച്ചർ കൗണ്‍സിൽ പ്രതിനിധികളെ അയയ്ക്കരുതെന്ന് ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര പ്രതിനിധികൾ എത്തില്ലെന്ന് ഉറപ്പായതോടെ ഗവർണറെ പ്രകോപിപ്പിക്കാതിരിക്കാൻ സർക്കാർ നിർദേശപ്രകാരം യോഗം മാറ്റിവയ്ക്കുകയായിരുന്നു.
ഗവർണറുടെ പ്രതിനിധി ഇല്ലാതെയാണ് അഞ്ചംഗ സെർച്ച് കമ്മിറ്റി സർക്കാർ രൂപീകരിച്ചത്. സെർച്ച് കമ്മിറ്റി യോഗം ചേർന്ന് വിസി നിയമനത്തിനുള്ള പാനൽ ഗവർണർക്ക് നൽകാനായിരുന്നു സർക്കാർ നീക്കം. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതെന്നും ഗവർണർ കേന്ദ്രത്തെ ധരിപ്പിച്ചു.
നിലവിലെ നിയമപ്രകാരം ഗവർണറാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത്. ഗവർണറുടെ പ്രതിനിധി സെർച്ച് കമ്മിറ്റിയിലുണ്ടാകണം. ഇതുമറികടന്ന് പ്രഫ. നീലിമ ഗുപ്ത- യുജിസി പ്രതിനിധി, ഡോ.ബി. ഇഖ്ബാൽ- യൂണിവേഴ്സിറ്റി, പ്രഫ.പി. രാജേന്ദ്രൻ-സംസ്ഥാന സർക്കാർ, പ്രഫ. രമണ്‍ സുകുമാർ- ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ, ഡോ. രാഘവേന്ദ്ര ഭട്ട- അഗ്രികൾച്ചറൽ കൗണ്‍സിൽ എന്നിവരായിരുന്നു സെർച്ച് കമ്മിറ്റി പ്രതിനിധികൾ.
യുജിസിയെ തെറ്റിധരിപ്പിച്ചാണ് പ്രതിനിധിയെ അനുവദിപ്പിച്ചതെന്ന കാര്യവും ഗവർണർ കേന്ദ്രത്തെ അറിയിച്ചു.
ഇതോടെയാണ് കേന്ദ്ര പ്രതിനിധികൾ ഇല്ലാതായത്. കേന്ദ്ര പ്രതിനിധികൾ ഇല്ലാതെ സേർച്ച് കമ്മിറ്റി ചേരാൻ കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാനം സെർച്ച് കമ്മിറ്റി നീക്കം ഉപേക്ഷിക്കുകയായിരുന്നു.