ഡോ. കുര്യാസ് കുമ്പളക്കുഴി 75ന്റെ നിറവിൽ
Saturday, April 12, 2025 2:27 AM IST
വിനായക് നിര്‍മ്മല്‍
ഇരുപതിലധികം വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആദ്യമായി ഡോ. കുര്യാസ് കുമ്പളക്കുഴിയെ കാണുന്നത്. ഒരു ടിവി ചാനലിനുവേണ്ടി ‘ബൈബിള്‍ സ്വാധീനം മലയാളസാഹിത്യത്തില്‍’ എന്ന വിഷയത്തില്‍ സ്ക്രിപ്റ്റ് ചെയ്യുന്നതിനായി റിസോഴ്സ് പേഴ്സണ്‍ എന്ന നിലയിലായിരുന്നു അദ്ദേഹത്തെ സമീപിച്ചത്.
പിന്നീട് എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് സാഹിതീസഖ്യത്തിന്റെ ചടങ്ങുകള്‍ക്കിടയില്‍ അടുത്തകാലത്തായി വീണ്ടും അദ്ദേഹത്തെ കണ്ടുമുട്ടിയത്. അത്ഭുതപ്പെടുത്തിയ കാര്യം അദ്ദേഹം അന്നും ഇന്നും ഒരുപോലെയായിരുന്നുവെന്നതാണ്. ഇന്നലെ കണ്ട ഒരാളെ ഇന്ന് കാണുന്നതുപോലെ വര്‍ഷങ്ങളുടെ അകലമില്ലാതെയായിരുന്നു സാര്‍ ഇടപെട്ടത്.
ജ്ഞാനിയായ ഗുരു, സത്യാന്വേഷിയായ ചരിത്രകാരന്, താത്കാലികലാഭങ്ങള്ക്കുവേണ്ടി ആദര്‍ശങ്ങള്‍ വിസ്മരിക്കാത്ത സാംസ്കാരികപ്രവര്ത്തകന്, നിലപാടുകളില്‍ സ്ഥൈര്യംപുലര്ത്തിയ ധിഷണാശാലി, സാഹിത്യവിമര്‍ശകന്‍..... വിശേഷണങ്ങള്‍ ഏറെയുണ്ട് ഡോ. കുര്യാസ് കുമ്പളക്കുഴിക്ക്.
എന്നാല്‍ അവയ്ക്കൊപ്പം മറ്റൊരുതരത്തില്‍ കൂടി അദ്ദേഹം വീക്ഷിക്കപ്പെടേണ്ടതുണ്ട്. ഇന്നലെകളിലെ മഹാരഥന്മാരെ മറവിക്കു വിട്ടുകൊടുക്കാതെ വര്‍ത്തമാനകാലത്തിലെ പീഠത്തില്‍ വരുംതലമുറയുടെ ഓര്‍മയ്ക്കായി ഉയര്ത്തിപ്രതിഷ്ഠിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്തായ സംഭാവന.
ക്രൈസ്തവനാമധാരികളായതുകൊണ്ടും ക്രൈസ്തവസമൂഹത്തിന്റെ ഭാഗമായതുകൊണ്ടും മാത്രം മാറ്റിനിര്‍ത്തപ്പെട്ട കട്ടക്കയം ചെറിയാന് മാപ്പിളയെയും സിസ്റ്റര്‍ മേരി ബനീഞ്ഞയെയും പോലുള്ള സുകൃതികളെ, സര്‍ഗപ്രതിഭകളെ വെള്ളിവെളിച്ചത്തിലേക്ക് നീക്കിനിര്‍ത്താന്‍ ഡോ. കുര്യാസ് നടത്തിയ കഠിനശ്രമങ്ങള്‍ ആര്‍ക്കാണ് വിസ്മരിക്കാനും അവഗണിക്കാനും കഴിയുന്നത്?
ചരിത്രപരമായ പഠനങ്ങളുടെയും ആധികാരികമായ തെളിവുകളുടെയും നിരന്തരമായ അധ്വാനത്തിന്റെയും ഫലമായാണ് പല പുതിയ കണ്ടെത്തലുകളും മലയാളസാഹിത്യലോകത്ത് അദ്ദേഹം കാഴ്ചവച്ചത്.
അങ്ങനെയാണ് മലയാളത്തിലെ ആദ്യ മിസ്റ്റിക് കവി സിസ്റ്റര്‍ മേരി ബനീഞ്ഞയാണെന്നും മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം അര്‍ണോസ് പാതിരിയുടെ ജനോവപര്വമാണെന്നും ആദ്യവിലാപകാവ്യം ഉമ്മാടെ ദുഃഖമാണെന്നും അദ്ദേഹം സ്ഥാപിച്ചത്.
കേരളത്തിലെ നവോത്ഥാനശില്പികളില്നിന്ന് വിശുദ്ധ ചാവറയച്ചനെ മാറ്റിനിര്‍ത്താനും അദ്ദേഹത്തിന്റെ പിന്‍ഗാമികളെ അദ്ദേഹത്തേക്കാള്‍ മുമ്പന്തിയില്‍ പ്രതിഷ്ഠിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ കേരളത്തിന്റെ സാംസ്കാരിക, സാമൂഹിക ഭൂമികയില്‍ ചാവറയച്ചന്റെ പ്രസക്തി എന്താണെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഡോ. കുര്യാസിന്റെ കേരള നവോത്ഥാനവും ചാവറയച്ചനും എന്ന കൃതി പരിശോധിച്ചാല്‍ മതി.
അതിരുകളില്ലാത്ത ആശാന് കവിത, മൃത്യുബോധം മലയാള കാല്പനിക കവിതയില്‍, കലയുടെ ആത്മാവ്, പ്രണയത്തിന്റെ ഇതിഹാസം, വീണ്ടുവിചാരം, വിദ്യാഭ്യാസം ചരിത്രവും ദര്‍ശനവും ഇങ്ങനെ എത്രയെത്ര കൃതികള്കൊണ്ടാണ് അദ്ദേഹം മലയാളസാഹിത്യത്തെ സമ്പന്നമാക്കിയിട്ടുള്ളത്. ഈ പ്രായത്തിലും അദ്ദേഹം എഴുത്തില്‍ സജീവമാണ് എന്നതിന് തെളിവാണ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മഹാഭാരതം പുനരാഖ്യാനം എന്ന ബൃഹദ് ഗ്രന്ഥം.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍,സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലംഗം, സംസ്ഥാന മുന്നാക്ക വിഭാഗം കമ്മീഷന് അംഗം എന്നീ നിലകളിലും ഡോ. കുര്യാസ് നിസ്തുലമായ സേവനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്.
കെസിബിസി സാഹിത്യഅവാര്‍ഡ്, കേരള ഹിസ്റ്ററി കോണ്‍ഗ്രസ് അവാര്‍ഡ്, ബനീഞ്ഞാ അവാര്‍ഡ്, പോപ്പ് ജോണ്‍ പോള്‍ പുരസ്കാരം, ജനപക്ഷം എന്നീ അവാര്‍ഡുകള്‍ക്കും അര്‍ഹനായിട്ടുണ്ട്.
എംജി യൂണിവേഴ്സിറ്റിയില്‍ മലയാളഗവേഷണ വിഭാഗത്തില്‍ ഇതുവരെയും ആര്‍ക്കും തകര്‍ക്കാനാവാത്ത ഒരു റിക്കാര്‍ഡും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവുമധികം മലയാളം വിദ്യാര്‍ഥികളുടെ ഗൈഡ് എന്നതാണ് അത്.
ഇത്രയധികം സംഭാവനകള്‍ നല്കിയ ഡോ. കുര്യാസ് അര്‍ഹതയ്ക്കൊത്ത് ആദരിക്കപ്പെട്ടിട്ടുണ്ടോ? സംശയമുണ്ട്. സാഹിത്യമെന്നത് ഒരു വിഭാഗം ആളുകളുടെ മാത്രമാണെന്ന തെറ്റുദ്ധാരണ ഇന്നും പ്രബലമായി നിൽക്കുമ്പോള് ഒരു ക്രൈസ്തവനാമധാരിയെ, സാഹിത്യവിമര്‍ശകനും എഴുത്തുകാരനുമായി അംഗീകരിക്കണമെങ്കില്‍ സഭാവിരുദ്ധനായിരിക്കണമെന്ന അലിഖിതനിയമം ഉള്ളപ്പോള്‍ സഭയോടൊത്ത് പ്രവര്‍ത്തിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന ഡോ. കുര്യാസ് മാറ്റിനിര്‍ത്തപ്പെടുന്നതില്‍ അതിശയിക്കേണ്ടതില്ല.
വിശറിക്കു കാറ്റുവേണം എന്ന്പറയാറുണ്ട്. ഭൂതകാലത്തിലെ നിധികളെ അത്യധ്വാനം നടത്തി ഭാഷയുടെയും സാഹിത്യത്തിന്റെയും അക്ഷയനിക്ഷേപമാക്കി മാറ്റിയ ഡോ. കുര്യാസ് കുമ്പളക്കുഴിക്കും അതു ബാധകമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള ആധികാരിക പഠനവും ജീവചരിത്രവും രചിക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
ആഘോഷം ഇന്ന്
കോട്ടയം: ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ എഴുപത്തഞ്ചാം ജന്മവാർഷികാഘോഷം സാഹിതിസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കും. 1950 ഏപ്രിൽ രണ്ടിനാണ് അദ്ദേഹത്തിന്റെ ജന്മദിനം.
കോട്ടയം ദർശനയിൽ ഇന്ന് രാവിലെ പത്തിന് നടക്കുന്ന അനുമോദനയോഗത്തിൽ ഡോ. ജോമി മാടപ്പാട്ട്, ഫാ. എമിൽ പുള്ളിക്കാട്ടിൽ, തേക്കിൻകാട് ജോസഫ്, ഡോ. പോൾ മണലിൽ, ജോയി നാലുന്നാക്കൽ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, രാധാകൃഷ്ണ കുറുപ്പ്, ഡോ. ജോസ് കെ. മാനുവൽ തുടങ്ങിയവർ പ്രസംഗിക്കും.