മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ആളുകൾകുറഞ്ഞു, പിന്നിൽ സിപിഎമ്മിലെ വിഭാഗീയത
Sunday, April 13, 2025 1:26 AM IST
കോഴിക്കോട്: വടകരയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ആളുകൾ കുറഞ്ഞതിനു പിന്നിൽ സിപിഎമ്മിലെ വിഭാഗീയത. ജില്ലാ കമ്മിറ്റിയിൽ നിന്നു പി.കെ. ദിവാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ പരിപാടി ബഹിഷ്കരിച്ചത്.
വടകര ജില്ലാ ആശുപത്രിയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തികളുടെ ഉദ്ഘാടനമാണ് വേദി. കൂറ്റൻ പന്തലും വലിയ വേദിയും ഒരുക്കിയിട്ടും സദസിൽ എത്തിയത് കുറച്ചു പേർ മാത്രം.
കൃത്യ സമയത്ത് പരിപാടികൾക്കെത്തുന്ന മുഖ്യമന്ത്രി വേദിയിലെത്താതെ അരമണിക്കൂർ കാത്തിരുന്നു. എന്നിട്ടും സദസ് നിറഞ്ഞില്ല. അരമണിക്കൂറിലധികം വൈകി എത്തിയ പിണറായി നീരസം മറച്ചുവച്ചില്ല. വെയിലും ചൂടും ആയതു കൊണ്ട് ആളുകൾക്ക് വിസ്താരത്തോടെ ഇരിക്കാൻ സംഘാടകർ സൗകര്യം ഒരുക്കിയെന്നും തിങ്ങി ഇരിക്കേണ്ട എന്ന് കരുതിക്കാണും എന്നും മുഖ്യമന്ത്രി പറഞ്ഞു.
വടകരയിൽ പാർട്ടിയിലെ വിഭാഗീയതയാണ് മുഖ്യമന്ത്രിയെ പാർട്ടി പ്രവർത്തകർ തന്നെ ബഹിഷ്കരിക്കുന്നതിലേക്കെത്തിയത്. രണ്ടു മാസം മുമ്പ് നടന്ന ജില്ലാ സമ്മേളനത്തിൽ വടകരയിൽ നിന്നുള്ള പി.കെ. ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്നും മാറ്റിയിരുന്നു. വടകര മേഖലയിൽ ഇതിനെതിരേ പരസ്യ പ്രതിഷേധവും നടന്നു.
അന്ന് ഇടപെട്ട നേതൃത്വം സംസ്ഥാന സമ്മേളനത്തിന് പിറകെ പ്രശ്നം പരിഹരിക്കാമെന്നാണ് ഉറപ്പ് നൽകിയത്. പാർട്ടി കോൺഗ്രസ് കഴിഞ്ഞിട്ടും വിഷയത്തിൽ ഇടപെടാത്ത നേതൃത്വത്തിനോടുള്ള അമർഷമാണ് മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരണത്തിലെത്തിയത്.
പരിപാടിയിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ ഏരിയ കമ്മിറ്റി ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികൾക്ക് സർക്കുലർ നൽകിയിരുന്നു. ഇതും പ്രവർത്തകർ തള്ളി. സ്ഥലം എംഎൽഎയായ കെ.കെ. രമയും ഷാഫി പറമ്പിൽ എംപിയും പരിപാടിയിൽ പങ്കെടുത്തില്ല.