ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു
Saturday, April 12, 2025 2:27 AM IST
ചാത്തന്നൂർ: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമായ ഡോ. ശൂരനാട് രാജശേഖരൻ (76) അന്തരിച്ചു. അർബുദരോഗ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്നലെ പുലർച്ചെ 4.30 ഓടെയായിരുന്നു അന്ത്യം.
കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ രാജശേഖരൻ താലൂക്ക് ഭാരവാഹി മുതൽ സംസ്ഥാന കമ്മിറ്റി വരെയെത്തി. കെഎസ്യു സംസ്ഥാന ട്രഷറർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ, കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ശാസ്താംകോട്ട സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, എൽഐസി ഡയറക്ടർ ബോർഡ് അംഗം, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൊല്ലത്തുനിന്നു ലോക്സഭയിലേക്കും ചാത്തന്നൂരിൽനിന്നു നിയമസഭയിലേക്കും ജനവിധി തേടിയിരുന്നു.
ഉദയാ രാജശേഖരനാണ് ഭാര്യ. മക്കൾ: ലക്ഷ്മി നിശാന്ത്, അരുൺ ഗണേഷ്. മരുമക്കൾ: നിശാന്ത് മേനോൻ, ദേവി തങ്കപ്പൻ. ചെറുമക്കൾ: ആദിത്യ നിശാന്ത് മേനോൻ, ആദിദേവ് ഗണേഷ്, ആദിനാഥ് ഗണേഷ്, വെണ്ണില ഗണേഷ്.
ശൂരനാട് പായിക്കാട് തറവാട്ടിൽ പി.എൻ രാഘവൻ പിള്ളയുടെയും കെ. ഭാർഗവി അമ്മയുടെയും അഞ്ചു മക്കളിൽ നാലാമത്തെ മകനായി 1949 ജനുവരി 18നാണ് രാജേശഖരൻ ജനിച്ചത്. ഇന്നലെ രാവിലെ 11ന് ചാത്തന്നൂർ കാരംകോട് ശീമാട്ടി ജംഗ്ഷനിലെ അദ്ദേഹത്തിന്റെ വസതിയായ ലക്ഷ്മിവിലാസം വീട്ടിൽ മൃതദേഹം കൊണ്ടുവന്നു. വൈകുന്നേരം അഞ്ചോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.