മാസപ്പടി: എസ്എഫ്ഐഒ കുറ്റപത്രം വിചാരണക്കോടതി അംഗീകരിച്ചു
Saturday, April 12, 2025 2:28 AM IST
കൊച്ചി: മാസപ്പടിക്കേസിൽ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രം വിചാരണക്കോടതി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിസ്ഥാനത്തുള്ളവര്‍ക്കു വിചാരണക്കോടതി താമസിയാതെ നോട്ടീസ് അയയ്ക്കും.
എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ) സമര്‍പ്പിച്ച കുറ്റപത്രം കേസ് പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നലെ പരിശോധന പൂര്‍ത്തിയാക്കി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.
പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നാണ് കോടതിയുടെ വിലയിരുത്തല്‍. കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ എതിര്ഭാഗത്തിനു കോടതിയില്‍ ചോദ്യം ചെയ്യാം. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്ത, മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ തുടങ്ങി 13 പേരാണു പ്രതിസ്ഥാനത്തുള്ളത്.
എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.