ആശാ സമരം: ഐക്യദാർഢ്യ പൗരസാഗരം ഇന്ന്
Saturday, April 12, 2025 2:26 AM IST
തിരുവനന്തപുരം: ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ ഇന്നു നടക്കുന്ന പൗരസാഗരത്തിൽ ആയിരങ്ങൾ അണിചേരും. സംസ്ഥാനത്തെ പ്രമുഖ സാമൂഹ്യ സാംസ്കാരിക നേതാക്കള്‍ക്കൊപ്പം ആശാവർക്കർമാർ, കുടുംബാംഗങ്ങൾ, സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനകൾ തുടങ്ങി വിവിധ മേഖലകളിൽനിന്നും ഉള്ളവർ പൗരസാഗരത്തിന്റെ ഭാഗമാകും.
പ്രമുഖ വ്യക്തികള്‍ അവരുടെ നിലപാട് പ്രഖ്യാപിക്കും. പ്രശസ്ത സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം സമരത്തെ അനുകൂലിച്ച് രംഗത്തെത്തി. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സമരം രണ്ടു മാസം പിന്നിട്ടിട്ടും ഒത്തുതീർപ്പിന് സർക്കാർ വഴങ്ങിയിട്ടില്ല. നിരവധി സാമൂഹ്യ സാംസ്കാരിക നേതാക്കളും സംഘടനകളും ഈ ആവശ്യം സർക്കാരിനോട് ഉന്നയിച്ചിരുന്നു.
പലതവണ ചർച്ച നടത്തിയിട്ടും സമരസമിതി വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടും സർക്കാർ കടുംപിടിത്തം തുടരുന്ന പശ്ചാത്തലത്തിലാണ് സാംസ്കാരിക നേതാക്കൾ സമരത്തെ പിന്തുണച്ച് പൗരസാഗരം എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
കെ. സച്ചിദാനന്ദൻ, സാറ ജോസഫ്, എം.എൻ. കാരശേരി, ഡോ. ഗീവർഗീസ് മാർ കുറിലോസ്, ജസ്റ്റീസ് പി.കെ. ഷംസുദീൻ, ബി. രാജീവൻ, ഖദീജ മുംതാസ്, റഫീഖ് അഹമദ്, പ്രഫ. കെ. അരവിന്ദക്ഷൻ, ഡോ. ജെ. പ്രഭാഷ്, കല്പറ്റ നാരായണൻ, ജോയ് മാത്യു, സലിംകുമാർ, വി.പി. സുഹ്റ തുടങ്ങി അമ്പതോളം പ്രമുഖരാണ് പൗരസാഗരത്തിൽ അണിചേരാൻ കേരളത്തോട് അഭ്യർഥിച്ചത്.
സാഹിത്യകാരി സാറ ജോസഫ് തൃശൂരിലെ സ്വവസതിയിൽ നിന്ന് തത്സമയം പൗരസാഗരത്തിൽ പങ്കാളിയാകും.