പ്രതിഷേധത്തിരയടിച്ച് പൗരസാഗരം
Sunday, April 13, 2025 2:17 AM IST
തിരുവനന്തപുരം: അടിസ്ഥാനവര്‍ഗ തൊഴിലാളികളായ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന ഈ ധര്‍മസമരം വിജയിച്ചേ മതിയാകൂ എന്ന് സാമൂഹ്യ പ്രവര്‍ത്തക ഡോ. ഖദീജ മുംതാസ്.
ആശമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന പൗരസാഗരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തൊഴിലാളി സമരങ്ങളിലൂടെയാണ് ലോകം ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്.
ഓണറേറിയം 21,000 രൂപ എന്ന ന്യായമായ ആവശ്യം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയവര്‍ അല്പമെങ്കിലും വര്‍ധന ആവശ്യപ്പെടുമ്പോള്‍ എന്തിനാണ് എതിര്‍ക്കുന്നത് എന്നും അവര്‍ ചോദിച്ചു.
സാമൂഹ്യ പ്രവര്ത്തകന് ജോസഫ് സി. മാത്യു അധ്യക്ഷത വഹിച്ചു. കവി കെ. സച്ചിദാനന്ദന് വീഡിയോ സന്ദേശം നല്കി. ജനകീയാരോഗ്യ പ്രവര്ത്തകന് ഡോ. ഡി. സുരേന്ദ്രനാഥ് ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം. എ. ബിന്ദു ആമുഖ പ്രസംഗം നടത്തി.
കേരളജനതയുടെ ജനാധിപത്യപരമായ നിലനില്‍പ്പിനായുള്ള ആശമാരുടെ പോരാട്ടത്തെ പൂര്‍ണ വിജയത്തിലെത്തിക്കുമെന്ന് പൗരസാഗരം പ്രതിജ്ഞ ചെയ്തു.
സാമ്പത്തിക വിദഗ്ധന്‍ ഡോ. കെ.പി. കണ്ണന്, പരിസ്ഥിതി പ്രവര്ത്തകന് ശ്രീധര്‍ രാധാകൃഷ്ണന്, ഫാ. റൊമാന്‍സ് ആന്റണി, എഴുത്തുകാരായ ഡോ. ജെ. ദേവിക, മാധവന് പുറച്ചേരി, ഇടതു സഹയാത്രികന് പ്രമോദ് പുഴങ്കര, മാധ്യമപ്രവര്ത്തകന് റെജിമോന് കുട്ടപ്പന്, നിരൂപകന് ഡോ. വി.രാജകൃഷ്ണന്, മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി, സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ജോര്‍ജ് ജോസഫ്, പ്രശസ്ത ചിത്രകാരന് കാട്ടൂര്‍ നാരായണപിള്ള, ഡോ. ജോര്‍ജ് മാത്യു, കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന് പ്രസിഡന്റ് ജെയിന് ആന്‍സി ഫ്രാന്‍സിസ് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും പൗരസാഗരത്തിന് അഭിവാദ്യമര്‍പ്പിച്ചു.