ക്രൈസ്തവർ വിശുദ്ധ വാരത്തിലേക്ക്; ദൈവാലയങ്ങൾ ഒരുങ്ങി
Saturday, April 12, 2025 2:27 AM IST
കൊച്ചി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ഉയിര്‍പ്പിന്റെയും സ്മരണകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിന് ക്രൈസ്തവവർ ഒരുങ്ങി.
ഓശാന ഞായര്‍ ദിനമായ നാളെമുതല്‍ പള്ളികളിൽ പ്രത്യേക ശുശ്രൂഷകള്‍ നടക്കും.നാളെ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവയുണ്ടാകും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തോപ്പില്‍ മേരിക്വീന്‍സ് പള്ളിയില്‍ നാളെ രാവിലെ 6.30ന് ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
പെസഹാവ്യാഴാഴ്ച കാക്കനാട് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിലെ ശുശ്രൂഷകളില്‍ മാര്‍ തട്ടില്‍ കര്‍മികത്വം വഹിക്കും. തിരുവാങ്കുളം സെന്റ് ജോര്‍ജ് പള്ളിയിലെ ഈസ്റ്റര്‍ പാതിരാക്കുര്‍ബാനയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മുഖ്യകാര്‍മികനാകും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നാളെ രാവിലെ ഏഴിന് കാഞ്ഞിരപ്പള്ളി കരുണാപുരം ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ ഓശാനശുശ്രൂഷകളില് കാര്‍മികത്വം വഹിക്കും.
പെസഹാവ്യാഴാഴ്ച ഇടുക്കി തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളിയിലും ദുഃഖവെള്ളിയാഴ്ച കറുകുറ്റി മൗണ്ട് കാര്‍മല്‍ മൊണാസ്ട്രിയിലും ശുശ്രൂഷകളില്‍ കര്‍ദിനാള്‍ പങ്കെടുക്കും.
തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളിയില്‍ ഈസ്റ്റര്‍ ദിനത്തിൽ പുലര്‍ച്ചെ മൂന്നിനു നടക്കുന്ന തിരുക്കര്‍മങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മികനാകും.സീറോമലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വിശുദ്ധവാരത്തിലെ എല്ലാ ദിവസവും രാവിലെ ഏഴിന് ശുശ്രൂഷകള്‍ ആരംഭിക്കും.
തീർഥാടകരെ വരവേൽക്കാനൊരുങ്ങി മലയാറ്റൂർ
കാലടി: ഓശാന ആചരണത്തോടെ വിശുദ്ധവാരത്തിലേക്കു പ്രവേശിക്കുന്ന നാളെമുതൽ മലയാറ്റൂർ കുരിശുമുടിയും പരിസരവും വിശ്വാസികളാൽ നിറയും.
ഭക്തിയുടെ നിറവിൽ പതിനായിരങ്ങൾ ഈ ദിവസങ്ങളിൽ മല കയറും. കുരിശുമുടിയിലും താഴത്തെ പള്ളിയിലും വിശുദ്ധവാര തിരുക്കർമങ്ങൾക്ക് ഓശാന ഞായറാഴ്ചയായ നാളെ തുടക്കമാകും.
കുരിശുമുടിയിൽ
കുരിശുമുടി പള്ളിയിൽ നാളെ രാവിലെ ആറിന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുർബാന, വചനസന്ദേശം; 8.30നും 9.30നും വൈകുന്നേരം 6.30നും വിശുദ്ധ കുർബാന എന്നിവയുണ്ടാകും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 5.30നും 7.30നും 9.30നും വൈകുന്നേരം 6.30നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
പെസഹാ വ്യാഴാഴ്ച രാവിലെ ഏഴിന് കാലുകഴുകൽ ശുശ്രൂഷ, കുർബാന, പൂർണദിന ആരാധന, വൈകുന്നേരം അഞ്ചിന് പൊതുആരാധന എന്നിവയുണ്ടാകും.
ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. വലിയ ശനി രാവിലെ ഏഴിന് മാമ്മോദീസ വ്രത നവീകരണം, വെള്ളം വെഞ്ചിരിപ്പ്, വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയുണ്ടാകും.
രാത്രി 11.45 ന് ഉയിർപ്പിന്റെ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് പ്രദക്ഷിണം, വിശുദ്ധ കുർബാന.
ഉയിർപ്പു ഞായറാഴ്ച പുലർച്ചെ മൂന്നിനും 5.30നും രാവിലെ 7.30 നും 9.30 നും കുർബാന ഉണ്ടാകും.
താഴത്തെ പള്ളിയിൽ
താഴത്തെ പള്ളിയിൽ നാളെ രാവിലെ ആറിന് കുരുത്തോല വെഞ്ചിരിപ്പ് (മലയാറ്റൂർ സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ), പ്രദക്ഷിണം, വിശുദ്ധ കുർബാന, വചനസന്ദേശം, ഒന്‍പതിനും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ 5.30ന് ആരാധന, ആറിനും 7.30നും വൈകുന്നേരം 5.15നും വിശുദ്ധ കുർബാന.
പെസഹാ വ്യാഴാഴ്ച രാവിലെ ആറിന് കാലുകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, വചനസന്ദേശം, തുടർന്ന് പൂർണ ദിന ആരാധന ആരംഭിക്കും, വൈകുന്നേരം നാലിന് കാലുകഴുകൽ നേർച്ച ശുശ്രൂഷ, ഏഴു മുതൽ എട്ടുവരെ പൊതു ആരാധന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവയുണ്ടാകും.
ദുഃഖവെള്ളിയാഴ്ച രാവിലെ 5.30ന് ആരാധന തുടരും. 6.30ന് പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് കുരിശിന്റെ വഴി, കുരിശുമുടി അടിവാരത്തേക്ക് വിലാപയാത്ര, പീഡാനുഭവ സന്ദേശം എന്നിവയുണ്ടാകും.
വലിയ ശനിയാഴ്ച രാവിലെ ആറിന് മാമ്മോദീസ വ്രതനവീകരണം, വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവയുണ്ടാകും. രാത്രി 10.30ന് ഉയിർപ്പ് തിരുക്കർമങ്ങൾ ആരംഭിക്കും.
പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവയുണ്ടാകും. ഞായറാഴ്ച രാവിലെ 5.30നും ഏഴിനും 9.30 നും വിശുദ്ധ കുർബാന ഉണ്ടാകും.
കുരിശുമുടിയിലും താഴത്തെ പള്ളിയിലും 24ന് തിരുനാൾ കൊടിയേറും. 27നാണ് പുതുഞായർ തിരുനാൾ. മേയ് രണ്ടു മുതൽ നാലു വരെയാണ് എട്ടാമിടം.