അമ്മയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ
Saturday, April 12, 2025 2:26 AM IST
കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻകുന്ന് മന്പറംപീടിക പൊട്ടൻ നല്ലാഞ്ഞി തറവാട് സദ്ഗുരു ഭഗവതി ദേവസ്ഥാനത്തിനു സമീപത്തെ മഠത്തിൽ ഹൗസിൽ ഭാമ (44), മക്കളായ ശിവനന്ദ് (14), അശ്വന്ത് (10) എന്നിവരാണു മരിച്ചത്.
ഭാമയും കുട്ടികളും സഹോദരി ബസുമതിയുടെയും അമ്മ ലീലയുടെയും കൂടെ താമസിച്ചുവരികയായിരുന്നു. ഇന്നലെ പുലർച്ചെ 2.30 തോടെ സഹോദി ബസുമതി എന്തോ ശബ്ദം കേട്ടതോടെ ഭാമയും കുട്ടികളും കിടന്ന മുറിയിൽ നോക്കിയപ്പോൾ മൂവരെയും കാണാനില്ലായിരുന്നു.
തുടർന്ന്, സമീപത്തു താമസിക്കുന്ന സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരും അയൽവാസികളും പരിസരപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്നലെ രാവിലെ എട്ടോടെയാണ് വീട്ടുകിണറിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളിയായ ഭാമയുടെ ഭർത്താവ് സുരേഷ് ബാബു ജോലി സൗകര്യാർഥം അഴീക്കോട് ചാലിലാണു താമസം. സുരേഷ് ബാബു മിക്ക ദിവസങ്ങളിലും ഭാര്യയുടെ വീട്ടിൽ വരാറുള്ളതായി അയൽവാസികൾ പറഞ്ഞു.
മരിച്ച അശ്വന്തും ശിവനന്ദും അഴീക്കോട് വൻകുളത്ത്വയൽ ഹൈസ്കൂളിലെ വിദ്യാർഥികളാണ്. ജീവനൊടുക്കിയെതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച ഭാമയ്ക്കു മാനസികമായ അസുഖം ഉള്ളതായും ഇതിന് ചികിത്സ നടത്താറുണ്ടെന്നും വീട്ടുകാർ പറഞ്ഞു.