കണ്ണൂരിന്റെ കണ്ണിലുണ്ണി
Sunday, April 13, 2025 1:26 AM IST
കണ്ണൂർ: കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂർ രൂപത രൂപീകരിച്ചപ്പോഴാണ് 1998 നവംബർ അഞ്ചി ന്ഡോ. വർഗീസ് ചക്കാലക്കൽ കണ്ണൂർ രൂപതയുടെ ബിഷപ്പായി നിയമിതനായത്. 46-ാം പിറന്നാൾ ദിവസമായിരുന്നു സ്ഥാനാരോഹണം. സ്നേഹത്തിന്റെ സംസ്കാരം വളർത്തുകയെന്നതാണ് തന്റെ മാർഗമെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അന്നുമുതൽ പറഞ്ഞിരുന്നു.
തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും തങ്ങളിലൊരാളായി കൂടെ നടക്കുന്നൊരു ബിഷപ് കണ്ണൂരുകാർക്ക് പുതുമയായിരുന്നു. കണ്ണൂരിലെ ഹാസ്യവേദിയുടെ സജീവ പ്രവർത്തകനുമായിരുന്നു ബിഷപ് ചക്കാലക്കൽ. കൂടാതെ, കണ്ണൂർ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനകളിലും സജീവമായിരുന്നു. നാനാജാതി മതവിഭാഗങ്ങൾക്ക് വളരെ സ്വീകാര്യനായി മാറുവാൻ ബിഷപ് ചക്കാലക്കലിന് വളരെ വേഗം സാധിച്ചു.
രാഷ്ട്രീയ സംഘർഷങ്ങളും കൊലപാതകങ്ങളും പതിവായ ഒരു കാലയളവിലായിരുന്നു ഡോ. വർഗീസ് ചക്കാലക്കൽ കണ്ണൂർ രൂപതയുടെ ഇടയനായിരുന്നത്. അതിനാൽ, രാഷ്ട്രീയ സംഘർഷ മേഖലകളിലെ സമാധാനയോഗങ്ങളിൽ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും വക്താവായിരുന്നു ചക്കാലക്കൽ പിതാവ്.
രാഷ്ട്രീയ പാർട്ടികളുടെ പ്രിയങ്കരനായിരുന്നതിനാൽ ബിഷപ് ഇടപെടുന്ന സമാധാന യോഗങ്ങൾ വിജയ മായിരുന്നു. പരസ്പരം പോരടിക്കുന്ന രാഷ്ട്രീയ നേതാക്കളെ സ്നേഹത്തിന്റെ പാതയിലൂടെ നടത്താൻ അക്ഷീണം പ്രയത്നിച്ചിരുന്നു. സംഘർഷ മേഖലകളിലൂടെ സമാധാന സന്ദേശയാത്രകളും നടത്തി.
അതിനാൽ, ദൈവസ്നേഹം സമൂഹത്തിൽ വ്യാപിപ്പിക്കുന്ന നല്ല ഇടയനായി കണ്ണൂരുകാർക്കിടയിൽ മാറാൻ പിതാവിന് അധികസമയം വേണ്ടിവന്നില്ല.
പിതാവിന്റെ കാലത്താണ് ബർണശേരി കത്തീഡ്രൽ പള്ളി പണികഴിപ്പിച്ചത്. ഒരു രൂപതയുടെയും ഒരു ജനതയുടെയും വർഷങ്ങൾ നീണ്ടുനിന്ന സ്വപ്ന സാക്ഷാത്കാരത്തിനായിരുന്നു ബിഷപ് തുടക്കം കുറിച്ചത്. 2010 മേയ് 23നാണ് കത്തീഡ്രൽ പള്ളി തുറന്നുകൊടുത്തത്.
പള്ളിയുടെ ആശീർവാദ കർമത്തിന് മുന്നോടിയായി കണ്ണൂർ താലൂക്കിലെ നാനാജാതി മതസ്ഥരെയും വിവിധ പ്രായക്കാരെയും ഉൾപ്പെടുത്തി കലാ-കായിക-രചനാ മത്സരങ്ങൾ മത്സരങ്ങൾ നടത്തിയത് ശ്രദ്ധേയമായിരുന്നു.
കണ്ണൂരിന്റെ കണ്ണിലുണ്ണിയും ജനകീയനുമായി ശോഭിച്ച ബിഷപ് ഡോ. ചക്കാലക്കൽ 2012 ജൂൺ 10നാണ് കോഴിക്കോട് രൂപതയുടെ സാരഥിയായത്.