തത്സമയ സ്ട്രീം; പ്രശാന്തിന്റെ ആവശ്യം നടപ്പില്ലെന്ന് സർക്കാർ
Sunday, April 13, 2025 2:17 AM IST
തിരുവനന്തപുരം: സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന് ചീഫ് സെക്രട്ടറി നേരിട്ടു നടത്തുന്ന ഹിയറിംഗിൽ തത്സമയ സ്ട്രീം നടപ്പാക്കാൻ കഴിയില്ലെന്നു സർക്കാർ മറുപടി നൽകി.
പൊതുജനങ്ങൾക്കുകൂടി കാണാവുന്ന വിധത്തിൽ ലൈവ് സ്ട്രീം വേണമെന്ന പ്രശാന്തിന്റെ ആവശ്യത്തിനു മറുപടിയായാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു കത്ത് നൽകിയത്.
സിവിൽ സർവീസ് ചട്ടത്തിൽ ലൈവ് സ്ട്രീം നിർദേശിക്കുന്നില്ല. ഹിയറിംഗ് രഹസ്യസ്വഭാവത്തിലുള്ള നടപടിക്രമമാണ്. 16ന് വൈകുന്നേരം 4.30നാണ് ഹിയറിംഗിന് നേരിട്ടെത്താൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ കത്ത് നൽകിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ഹിയറിംഗ് നടത്തുന്നത്.
അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്, കെ. ഗോപാലകൃഷ്ണൻ ഐഎഎസ് എന്നിവരെ സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്ന പരാതിയിലാണ് എൻ.പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനുമായി ബന്ധപ്പെട്ട് തന്റെ ഭാഗം കേട്ടില്ലെന്ന പ്രശാന്തിന്റെ പരാതിയെത്തുടർന്നാണ് ഹിയറിംഗിന് നിർദേശിച്ചത്.