മാസപ്പടി കേസ്: എൽഡിഎഫിൽ ഭിന്നത ; ബിനോയ് വിശ്വത്തെ വിമർശിച്ച് മന്ത്രി ശിവൻകുട്ടി
Sunday, April 13, 2025 2:17 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ കടുത്ത ഭിന്നത.
മാസപ്പടി കേസിനെ ഇടതുമുന്നണിക്ക് ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നു പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു സിപിഎം മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി.
മാസപ്പടി കേസിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും ഇക്കാര്യത്തിൽ പരസ്യമായിട്ടല്ല, ഇടതുമുന്നണി യോഗത്തിലായിരുന്നു അഭിപ്രായം പറയേണ്ടിയിരുന്നതെന്നും തുറന്നടിച്ചു മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി.
കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ കരിമണൽ കന്പനിയായ സിഎംആർഎലിൽനിന്നു വീണാ വിജയന്റെ കന്പനിയായ എക്സാലോജിക് സൊല്യൂഷൻസ് മാസപ്പടി വാങ്ങിയതായ കേസിൽ വീണാ വിജയനെ പ്രതിചേർത്ത എസ്എഫ്ഐഒ നടപടിയെ ന്യായീകരിക്കേണ്ട ചുമതല ഇടതുമുന്നണിയ്ക്കില്ലെന്നു ബിനോയ് വിശ്വം പറഞ്ഞിരുന്നു.
വീണാ വിജയന്റെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട, കേസ് കൈകാര്യം ചെയ്യാൻ വീണയ്ക്കറിയാം. കേസിനു പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. പൂർണ പിന്തുണ എൽഡിഎഫ് പിണറായി വിജയനു നൽകിയിരുന്നു. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടതുമുന്നണി യോഗത്തിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിലും ബിനോയ് വിശ്വത്തിന് വ്യത്യസ്ത അഭിപ്രായമുണ്ട്.
കേന്ദ്രസർക്കാരിന്റെ കാശായതുകൊണ്ട് കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ല. കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത്. ബിനോയ് വിശ്വം ഓഫീസിലേക്ക് നേരിട്ടുവന്നാൽ കാര്യങ്ങൾ ബോധ്യപ്പെടുത്താം.
മൂന്നു പദ്ധതികൾ കേന്ദ്രഫണ്ടോടെ കൃഷിവകുപ്പും നടപ്പാക്കുന്നുണ്ട്. വികസനത്തിന് കേന്ദ്രം നൽകുന്ന പണം ചെലവഴിക്കുന്നതിൽ എന്താണു തെറ്റ്? പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് ഏറ്റെടുക്കേണ്ടതില്ലെന്നും ശിവൻകുട്ടി പരിഹസിച്ചു.
പിണറായി സർക്കാർ എന്നു പറയുന്നതിൽ കുശുന്പിന്റെ കാര്യമില്ല. ബിനോയ് വിശ്വം മുഖ്യമന്ത്രിയായാലും അങ്ങനെയാണ് പറയുകയെന്നും വി. ശിവൻകുട്ടി പറഞ്ഞു. ഇടതുമുന്നണി സർക്കാർ എന്നു വിശേഷിപ്പിക്കുന്നതിനു പകരം ഒന്നും രണ്ടും പിണറായി സർക്കാർ എന്നു സിപിഎമ്മുകാർ വിശേഷിപ്പിക്കുന്നതിലെ സാംഗത്യം സംബന്ധിച്ചും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സിപിഐ യോഗത്തിൽ വിമർശനമുയർന്നിരുന്നു.
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകളെ പ്രതിരോധിച്ചു രംഗത്തെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കളുടെ നടപടിയെയും ബിനോയ് വിശ്വം പരോക്ഷമായി വിമർശിച്ചിരുന്നു.
സ്കൂളുകളിൽ കേന്ദ്ര ഫണ്ടുപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്ന പിഎംശ്രീ പദ്ധതിയെ കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ എതിർത്തിരുന്നു. തുടർന്നു പദ്ധതി മാറ്റിവച്ചിരുന്നു.