ധന റിസോഴ്സ് സെക്രട്ടറിക്ക് എതിരേ വിമർശനം; ഒരു മുറി നവീകരിക്കാൻ 10.10 ലക്ഷം!
Saturday, April 12, 2025 2:28 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ധന റിസോഴ്സ് സെക്രട്ടറിയുടെ ഒരു മുറിയുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനും 10.10 ലക്ഷം രൂപ ചെലവഴിച്ചതായി രേഖകൾ. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്പോഴാണ് സെക്രട്ടേറിയറ്റ് പ്രധാന കെട്ടിടത്തിലെ ധന റിസോഴ്സ് സെക്രട്ടറിയുടെ 377-ാം നന്പർ മുറിയുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി ഇത്രയും തുക ചെലവഴിച്ചത്.
പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണിക്കായി ഖജനാവിൽനിന്നു വൻ തുക ചെലവഴിക്കുന്ന സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് കെട്ടിടങ്ങളിലെ സിവിൽ, ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകാൻ മാർഗനിർദേശം സർക്കാർ പുറപ്പെടുവിച്ചു.
സെക്രട്ടേറിയറ്റിൽ ധനകാര്യ അധികാരത്തോടെ പ്രവർത്തിക്കുന്ന ധന- നിയമ- ഐ ആൻഡ് പിആർഡി വകുപ്പുകളുടെ ഓഫീസ് പ്രവർത്തനത്തിനായി താത്കാലികമായി അനുവദിച്ച മുറികളിൽ പൊതുഭരണ ഹൗസിംഗ് വിഭാഗത്തിന്റെ അറിവോടും അനുമതിയോടും മാത്രമേ സിവിൽ ഇലക്ട്രിക്കൽ പ്രവൃത്തികൾ നടത്താൻ പാടുള്ളുവെന്നു സർക്കാർ ഉത്തരവിറക്കി. ഇതിനു ഭരണാനുമതി നൽകാനും മാർഗനിർദേശം പുറപ്പെടുവിച്ചു.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഇത്തരത്തിൽ ചില നിർമാണപ്രവൃത്തികൾ നടന്ന സാഹചര്യത്തിലാണ് ഇവരെയും ഉൾപ്പെടുത്തി പൊതുഭരണ ഹൗസ് കീപ്പിംഗ് സെൽ വിഭാഗം ഉത്തരവിറക്കിയത്.
സംസ്ഥാനത്തിന്റെ പ്രധാന സാന്പത്തിക ഇടപെടുകളെല്ലാം കടമെടുത്താണ് ഇപ്പോൾ നടപ്പാക്കുന്നത്. ലൈഫ് ഭവന പദ്ധതി പ്രകാരം ഒരു വീട് നിർമാണത്തിന് നാലു ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. ഇതിനിടെയാണ് നിലവിലുള്ള ഒരു മുറിയുടെ നവീകരണത്തിനായി രണ്ടും മൂന്നു വീടുകളുടെ നിർമാണത്തിനുള്ള തുക പൊതുമരാമത്തു കെട്ടിട വിഭാഗം ചെലവഴിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.