അവധിക്കാലയാത്രയ്ക്ക് ആശ്വാസമായി സ്പെഷല്‍ ട്രെയിനുകള്‍
Saturday, April 12, 2025 2:26 AM IST
കോഴിക്കോട്: അവധിക്കാലത്ത് നാട്ടിലേക്കുള്ള യാത്രയ്ക്ക് ആശ്വാസമായി സ്പെഷല്‍ ട്രെയിനുകള്‍. തിരുവനന്തപുരം-മംഗലാപുരം റൂട്ടിലാണു സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
വീക്കിലി സ്പെഷല്‍ ട്രെയിന്‍ എന്ന നിലയിലാണു സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ച ദിവസങ്ങളില്‍ മംഗലാപുരത്തുനിന്നു വൈകുന്നേരം പുറപ്പെട്ട് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തുകയും തിരികെ തിരുവനന്തപുരത്തുനിന്നു ഞായറാഴ്ച വൈകുന്നേരം പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ മംഗലാപുരത്ത് എത്തുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം.
ആലപ്പുഴ വഴിയാണ് സര്‍വീസ്. ഒരു എസി ത്രീ ടയര്‍ കോച്ച്, 12 സ്ലീപ്പര്‍ ക്ലാസ് കോച്ച്, നാലു ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്, രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ച് എന്നിവയാണ് ഈ ട്രെയിനിനുള്ളത്.
സ്ലീപ്പറിന് 450 രൂപ, എസി ത്രീ ടയറിന് 1,220 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഓരോ ദിശയിലേക്കും നാലു സര്‍വീസ് ഉള്‍പ്പെടെ ആകെ എട്ടു ട്രിപ്പുകളാണ് ഈ വാരാന്ത്യ സ്പെഷല്‍ ട്രെയിനിനുള്ളത്.
മംഗലാപുരം ജംഗ്ഷന് തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) വാരാന്ത്യ സ്പെഷല്‍ ട്രെയിന്‍ മംഗലാപുരത്തുനിന്നു ശനിയാഴ്ച വൈകുന്നേരം ആറ് മണിക്കു പുറപ്പെടും. ഞായറാഴ്ച രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. ഏപ്രില്‍ 12, 19, 26, മേയ് 3 എന്നീ തിയതികളിലാണ് സര്‍വീസ്.
തിരുവനന്തപുരം നോര്‍ത്ത് മംഗലാപുരം വീക്കിലി സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 13, 20, 27, മേയ് 4 എന്നീ ഞായറാഴ്ചകളില്‍ വൈകുന്നേരം 6.40 ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.00 ന് മംഗലാപുരം ജംഗ്ഷനില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.
വിഷു, ഈസ്റ്റര്‍ ഉത്സവ സീസണും ഒപ്പം വാരാന്ത്യവും ചേര്‍ന്ന് വരുന്നതിനാല്‍ തന്നെ കനത്ത യാത്രാ പ്രതിസന്ധിയാണ് ഏപ്രില്‍ മാസമുണ്ടാറുള്ളത്. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ട്രെയിന്‍ ടിക്കറ്റുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ അവധിക്കാല സര്‍വീസുകള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും യാത്രക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.