ബ്രഹ്മപുരം ബയോഗ്യാസ് പ്ലാന്റ്; ത്രികക്ഷി കരാർ ഒപ്പുവച്ചു
Sunday, April 13, 2025 1:26 AM IST
തിരുവനന്തപുരം: മാലിന്യ സംസ്കരണ മേഖലയിലെ നിർണായക ചുവടുവയ്പായ കൊച്ചി ബ്രഹ്മപുരം കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുമായി ബന്ധപ്പെട്ട ത്രികക്ഷി കരാർ ഒപ്പുവച്ചു.
വൃത്തി കോണ്‍ക്ലേവിന്റെ ഭാഗമായി മസ്കറ്റ് ഹോട്ടലിൽ നടന്ന ബിസിനസ് മീറ്റിൽ സംസ്ഥാന സർക്കാരും കൊച്ചി കോർപറേഷനും ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമാണ് കരാറിൽ ഒപ്പുവച്ചത്. സംസ്ഥാന സർക്കാറിനായി തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി. വി.അനുപമയും ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.ശങ്കറും കൊച്ചി കോർപറേഷൻ സെക്രട്ടറി പി.എസ്. ഷിബുവുമാണ് ത്രികക്ഷി കരാറിൽ ഒപ്പുവച്ചത്.
വാടക വ്യവസ്ഥയിൽ കൊച്ചി കോർപറേഷൻ നൽകുന്ന 10 ഏക്കർ ഭൂമിയിലാണ് ബിപിസിഎൽ പ്ലാന്റ് നിർമിക്കുക. കൊച്ചി നഗരത്തിൽ നിന്നു ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ പ്ലാന്റിൽ സംസ്കരിക്കും.
പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്കരിച്ച് കംപ്രസ്ഡ് ബയോഗ്യാസാക്കി മാറ്റാൻ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുക. 25 വർഷം കാലാവധി നിശ്ചയിച്ച കരാർ കോർപറേഷൻ, ബിപിസിഎൽ എന്നിവരുടെ സമ്മതത്തോടെ ആവശ്യമെങ്കിൽ 10 വർഷത്തേയ്ക്കു കൂടി നീട്ടാനും വ്യവസ്ഥയുണ്ട്.
മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിച്ച മാനദണ്ഡം പാലിച്ചു കൊണ്ടാകും പ്ലാന്റ് പ്രവർത്തിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചി നഗരത്തിലെ ജൈവ മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.