അടുത്തിടെ ഐഎഎസ് ലഭിച്ച അഞ്ചു പേർക്കു നിയമനം
Sunday, April 13, 2025 1:26 AM IST
തിരുവനന്തപുരം: റവന്യൂ വകുപ്പിൽ നിന്നും അടുത്തിടെ ഐഎഎസ് ലഭിച്ച അഞ്ചുപേർക്ക് നിയമനം നൽകി സർക്കാർ. അതേസമയം, വിരമിച്ചതിനെ തുടർന്ന് ഒഴിവു വന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവരെ നിയമിച്ചില്ല.
ഉന്നത വിദ്യാഭ്യാസ് വകുപ്പിന് ഏറെ നാളായി നാഥനില്ലാത്ത അവസ്ഥയായതിനാൽ ഇവിടെ പല പ്രവർത്തനങ്ങളും താളം തെറ്റുന്ന അവസ്ഥയായി. ഏറെ ജോലിത്തിരക്കുള്ള പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കാണ് ഉന്നത വിദ്യാഭ്യാസത്തിന്റെയും അധിക ചുമതല നൽകിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ഇഷിത റോയി കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്നു വിരമിച്ചിരുന്നു.
കോഴിക്കോട് ഡെപ്യൂട്ടി കളക്ടറായിരുന്ന കെ. ഹിമയെ മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറാക്കി. ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന അനു. എസ്.നായർക്ക് റവന്യൂ വകുപ്പിൽ തന്നെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമനം നൽകി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡയറക്ടറുടെ അധിക ചുമതലയുമുണ്ടാകും.
മലപ്പുറം ഡെപ്യൂട്ടി കളക്ടറായിരുന്ന ജെ.ഒ. അരുണിനെ പിന്നാക്ക വികസന വകുപ്പ് ഡയറക്ടറാക്കി. വയനാട് ടൗണ്‍ഷിപ്പ് പദ്ധതി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ അധിക ചുമതലയും അരുണിനു നൽകി. വയനാട് ടൗണ്‍ഷിപ്പ് പദ്ധതി സ്പെഷൽ ഓഫീസറെ സഹായിക്കാനാണ് നിയമനം.
ഇരിങ്ങാലക്കുട ആർഡിഒ ആയിരുന്ന എം.സി. റജിലിനെ മൃഗസംരക്ഷണ ഡയറക്ടറായും ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന സബിൻ സമീദിനെ സാമൂഹിക നീതി ഡയറക്ടറായും നിയമിച്ചു. സബിൻ സമീദിന് സാമൂഹിക സുരക്ഷാമിഷന്റെ അധിക ചുമതലയും നൽകി.