ഓള് ഇന്ത്യ പോലീസ് ബാഡ്മിന്റണ്‍ ക്ലസ്റ്ററിന് തുടക്കം
Saturday, April 12, 2025 2:27 AM IST
കൊച്ചി: പ്രഥമ ഓള് ഇന്ത്യ പോലീസ് ബാഡ്മിന്റണ്‍ ക്ലസ്റ്റര്‍ കൊച്ചിയില്‍ ആരംഭിച്ചു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുകളുടെ ബാഡ്മിന്റണ്‍ ടീമുകള്‍ ഉള്‍പ്പെടെ 42 ടീമുകളുടെ മാര്‍ച്ച് പാസ്റ്റിന് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. കേരള പോലീസ് ടീമിനെ അസിസ്റ്റന്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ടി. ടിജോ നയിച്ചു. തുടര്‍ന്ന് നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും മ്യൂസിക് ബാന്‍ഡുകളുടെ സംഗീതപരിപാടി അരങ്ങേറി.
15 വരെ നടക്കുന്ന മത്സരത്തിൽ 208 വനിത ഉദ്യോഗസ്ഥരും 825 പുരുഷ ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്. ഡിജിപി മുതല്‍ കോണ്‍സ്റ്റബിള്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നുണ്ട്.
ചടങ്ങില്‍ ഹൈബി ഈഡന് എംപി, ഡിജിപി ഷേഖ് ദര്‍വേഷ് സാഹെബ്, എഡിജിപിമാരായ മനോജ് ഏബ്രഹാം, എസ്. ശ്രീജിത്, പി. വിജയന്, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ തുടങ്ങിയവര്‍ പങ്കെടുത്തു.