തെറ്റിദ്ധാരണകള്‍ പരത്തി രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
Saturday, April 12, 2025 2:27 AM IST
ചേർത്തല: വെള്ളാപ്പള്ളി നടേശനെതിരേ തെറ്റിദ്ധാരണ പരത്താന്‍ സംസ്ഥാനത്ത് ബോധപൂര്‍വമായ ശ്രമം നടന്നെന്നും തെറ്റിദ്ധാരണകള്‍ പരത്തി രാഷ്ട്രീയനേട്ടം കൊയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
എസ്എൻഡിപി യോഗം നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആദരവൊരുക്കാൻ ചേർത്തല യൂണിയൻ സംഘടിപ്പിച്ച മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളി ഏതെങ്കിലും മതത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ആളല്ലെന്ന് എല്ലാവര്ക്കും അറിയാം. കേരളത്തിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സംഭാവന ചെയ്തിട്ടുള്ള സംഘടനയുടെ നേതൃസ്ഥാനത്ത് മൂന്ന് ദശാബ്ദകാലം ഇരിക്കുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.
ഗുരു ഉയര്‍ത്തികാട്ടിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംഘടനയെ മുന്നോട്ടുനയിക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിയട്ടെയെന്ന് പിണറായി വിജയന് ആശംസിച്ചു.
മൂന്നാമതും പിണറായി വിജയന് മുഖ്യമന്ത്രിയാവുമെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. മന്ത്രി പി. പ്രസാദ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
ഒരു വീട്ടിൽ ഒരു വ്യവസായം പദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എൻ. വാസവൻ ഗുരുസന്ദേശം നൽകി. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാസന്ദേശം നൽകി.