സംസ്ഥാന കേരളോത്സവം; തൃശൂർ ഓവറോൾ ചാന്പ്യൻമാർ
Saturday, April 12, 2025 2:27 AM IST
കോതമംഗലം: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച കേരളോത്സവത്തിൽ 546 പോയിന്റ് നേടി തൃശൂർ ജില്ല ഓവറോൾ ചാന്പ്യൻമാരായി.
കഴിഞ്ഞ വർഷത്തെ കേരളോത്സവത്തിൽ രണ്ടാം സ്ഥാനക്കാരായ തൃശൂർ അന്നു ജേതാക്കളായ തിരുവനന്തപുരത്തെയും ഇതര ജില്ലകളെയും ബഹുദൂരം പിന്നിലാക്കിയാണ് ഇക്കുറി ഓവറോൾ കിരീടം ചൂടിയത്.
കലാ വിഭാഗത്തിൽ 374 പോയിന്റും കായിക വിഭാഗത്തിൽ 172 പോയിന്റുമായാണു തൃശൂർ ഒന്നാമതെത്തിയത് . 431 പോയിന്റോടെ കണ്ണൂർ ജില്ല രണ്ടാം സ്ഥാനത്തും 416 പോയിന്റോടെ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്തുമെത്തി.
നെഹ്റു ബാലവേദി ആൻഡ് സർഗവേദി കാസർഗോഡ് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പോയിന്റ് (81) നേടിയ ക്ലബിനുള്ള ഒന്നരലക്ഷം രൂപ സ്വന്തമാക്കി.
രണ്ടാം സ്ഥാനം നേടിയ കോട്ടയം ചങ്ങനാശേരി ക്ലബ് യുവ 75000 രൂപയും തൃശൂർ ജില്ലയിലെ സ്കോർ സിറ്റി എഫ്സി മൂന്നാംസ്ഥാനം നേടി 50,000 രൂപയും സ്വന്തമാക്കി.
കേരളോത്സവത്തിലെ കലാതിലകപട്ടം കെ.വി. നന്ദന (കാസർഗോഡ്), ആർ. അഭിലക്ഷ്മി (കൊല്ലം), പാർവതി എസ്. ഉദയൻ (കൊല്ലം) എന്നിവർ പങ്കിട്ടു. പി. ആനന്ദ് ഭൈരവ് ശർമ (കൊല്ലം) കലാപ്രതിഭാ പട്ടം ചൂടി.