എം.എം. ലോറന്‍സിന്റെ മൃതദേഹം; പുനഃപരിശോധനാ ഹര്‍ജി തള്ളി
Sunday, April 13, 2025 2:17 AM IST
കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കിയതിനെതിരേ പെണ്മക്കള് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി.
ലോറന്‍സിന്റെ മൃതദേഹം ക്രൈസ്തവ മതാചാരപ്രകാരം സംസ്കരിക്കാന്‍ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് മക്കളായ ആശയും സുജാതയും നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് വി.ജി. അരുണ്‍ നിരാകരിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ അപ്പീൽ പോയിരുന്നതിനാല്‍ അതേ ബെഞ്ചില്‍ നല്കിയ റിവ്യു ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മകന് എം.എല്‍. സജീവന്റെ നേതൃത്വത്തില്‍ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജിനു വിട്ടുനല്‍കിയിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ ലോറന്‍സ് ഇക്കാര്യം നിര്‍ദേശിച്ചിരുന്നുവെന്നായിരുന്നു വാദം.
ഇതിനെതിരേ പെണ്മക്കള് സുപ്രീംകോടതി വരെ പോയെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. താന്‍ മരിച്ചാല്‍ മൃതദേഹം അടക്കം ചെയ്യണമെന്ന് ലോറന്‍സ് പറയുന്ന വീഡിയോ വീണ്ടെടുത്തെന്ന് അവകാശപ്പെട്ടാണ് സുപ്രീംകോടതി തീര്‍പ്പാക്കിയ കേസില്‍ ആശയും സുജാതയും സിംഗിള്‍ ബെഞ്ചില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. 2024 സെപ്റ്റംബര്‍ 21നായിരുന്നു എം.എം. ലോറന്‍സിന്റെ മരണം.